മലപ്പുറം :പിടക്കോഴിഅടയിരുന്ന് മുട്ട വിരിയുന്നത് സാധാരണമാണ്. എന്നാൽ പൂവൻ കോഴിയെ അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുകയാണ് മലപ്പുറം എടവണ്ണയിലെ ഒരു കുടുബം.
പത്തപ്പിരിയം പുതുശേരിയില്‍ ഷംസീര്‍- അൻവിറ ദമ്പതികളുടെ വീട്ടിലാണ് ഈ കൗതുകം. മുട്ട വിരിയിച്ചത് മാത്രമല്ല, തള്ളക്കോഴിയുടെ കടമകളൊക്കെ ഈ പൂവൻ ചെയ്യുന്നുണ്ടെന്നും അൻവിറ പറയുന്നു.
പൂവനെ അടയിരുത്തി പരീക്ഷണം ; കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് അന്‍വിറ തള്ളക്കോഴിയായി പൂവൻ
ഒന്നര മാസം മുമ്പ് നിലമ്പൂർ മമ്പാടുള്ള ഒരു ഫാമിൽ നിന്നാണ് ഇവർ പൂവനെ വാങ്ങിയത്. വീട്ടിലെ മറ്റൊരു പിടക്കോഴിക്ക് ഇണയായി കൊച്ചിൻ ബാൻഡിൽ ഉൾപ്പെടുന്ന ഫാൻസി പൂവനെ സ്വന്തമാക്കുകയായിരുന്നു.
അങ്ങനെയിരിക്കെ കോഴി വളർത്തലുമായി ബന്ധപ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നാണ് വേറിട്ട പരീക്ഷണത്തിന്‍റെ ആശയം ലഭിക്കുന്നത്. സുഹൃത്തുക്കളുടെ പ്രോത്സാഹനവും ലഭിച്ചതോടെ ഒരു കൈ നോക്കാമെന്നായി.
വൈകാതെ പൂവനെ ഉപയോഗിച്ച് മുട്ട വിരിയിക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. ഇതിനായി ഇണയായ പിടക്കോഴിയുടെ മുട്ടകൾ തന്നെ ഉപയോഗിക്കുകയായിരുന്നു.
ALSO READ:കരവിരുതിന്‍റെ അതിശയക്കാഴ്‌ച ; ചിരട്ടയില്‍ സംഗീതോപകരണങ്ങള്‍ തീര്‍ത്ത് മഹേഷ്
ജൂലൈ 15നാണ് അടവെച്ചത്. 22 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിരിയിക്കാൻ വച്ച അഞ്ച് മുട്ടകളിൽ മൂന്നും വിരിഞ്ഞു. സാധാരണ വിരിഞ്ഞ സമയം പിടക്കോഴി മക്കളെ നോക്കുന്നതിനേക്കാൾ ഭംഗിയായി ഈ പൂവന്‍ അമ്മക്കോഴിയുടെ കടമകള്‍ നിറവേറ്റുന്നുണ്ടെന്ന് അൻവിറ പറയുന്നു. പരീക്ഷണം വിജയിച്ചതിന്‍റെ സന്തോഷത്തിലുമാണ് അൻവിറ.