കേരളം

kerala

ETV Bharat / state

'കേന്ദ്രം ശ്വാസം മുട്ടിക്കുന്നു'; നിര്‍മല സീതാരാമന്‍റേത് തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - തിരൂര്‍

CM Pinarayi Vijayan against Nirmala Sitaraman : 'കൊടുക്കേണ്ടതൊക്കെ കൊടുത്തു, കിട്ടാനുള്ളത് കിട്ടിയിട്ടില്ല' കേന്ദ്ര സമീപനം വിശദമാക്കി മുഖ്യമന്ത്രി. സൗജന്യത്തിനോ ഔദോര്യത്തിനോ ആവശ്യപ്പെടുന്നില്ല, ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണമെന്ന ആവശ്യമേ ഉന്നയിക്കുന്നുളളൂവെന്നും പിണറായി വിജയന്‍.

cm pinarayi vijayan against nirmala sitaraman  kerala cm  nirmala sitaraman  cm pinarayi vijayan against central govt  navakerala sadas  cm pinarayi press meet  navakerala sadas malappuram  central govt  pm modi  പിണറായി വിജയന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍മല സീതാരാമന്‍  കേന്ദ്ര ധനമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി  നവകേരള സദസ്  നവകേരള സദസ് മലപ്പുറം  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം  തിരൂര്‍  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
cm pinarayi against nirmala sitaraman

By ETV Bharat Kerala Team

Published : Nov 27, 2023, 5:11 PM IST

Updated : Nov 27, 2023, 6:04 PM IST

മുഖ്യമന്ത്രി മാധ്യമങ്ങളോട്

മലപ്പുറം : കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പൊതു അഭിപ്രായമായി വരുമ്പോൾ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്‌കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്‍റെ പത്താം ദിവസം മലപ്പുറം തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (CM Pinarayi Vijayan against Nirmala Sitaraman).

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ വസ്‌തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടതെന്നും, ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തിന്‍റെ ബാധ്യത കൂട്ടുന്നു: ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.

പിഎംഎവൈ അർബന്‍റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾ കഴിയുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്.

ലൈഫ് വീടുകളെ കുറിച്ചുളള സര്‍ക്കാര്‍ നിലപാട്: ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്നറിയാതെ ആ കാഴ്‌ചപ്പാടിന് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്‌താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്‌റ്റംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍, 8,46,456 പേര്‍.

80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.

കേന്ദ കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്‌തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയത്.

സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ : ജി എസ് ടിയുടെ കാര്യം സൂചിപ്പിക്കാം. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്‌ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണ അനുസരിച്ചാണ് നഷ്ടപരിഹാരം അഞ്ചുവര്‍ഷം എന്ന് നിശ്ചയിച്ചത്.

എന്നാല്‍ കൊവിഡും പ്രളയവും മറ്റ് പകര്‍ച്ചവ്യാധികളും പൊതു സാമ്പത്തിക തളര്‍ച്ചയും കാരണം രാജ്യത്ത് പൊതുവെ സാമ്പത്തിക വളര്‍ച്ച വേണ്ടത്ര ഉണ്ടായില്ല. ഇതുകാരണം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിവര്‍ഷം 12,000 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നത് 2022 ജൂണ്‍ 30ന് നിര്‍ത്തലാക്കി. വലിയ നഷ്ടം സംസ്ഥാനത്തിന് വന്നു. ഇത് ചൂണ്ടിക്കാണിച്ച് പകരം നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

ജിഎസ്ടി സംബന്ധിച്ചുള്ള കണക്ക് എ ജി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്‍റ് ജനറലിന് സമര്‍പ്പിച്ചു കഴിഞ്ഞതാണ്. അത് ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ടത് എ.ജി ആണ്. നഷ്ടപരിഹാര തുകയുടെ കുടിശികയല്ല നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളത്തിന്‍റെത്.

മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ കുടിശ്ശിക: 2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്‌കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ് തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല.

നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബാങ്ക് വായ്‌പയായാണ് കാലതാമസം വരുത്താതെ കൃഷിക്കാരന് നല്‍കുന്നത്. ഇതിന്‍റെ പലിശ ബാധ്യതതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്രം എപ്പോള്‍ പണം നല്‍കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്‌നമാണത്.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറയ്‌ക്കുന്നു: ഇത്തരത്തില്‍ യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്‌പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്‍റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു.

സ്വന്തമായി വഴി കണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്‌തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാവിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്. ഇന്നലെ നവകേരള സദസ്സിലെ പ്രസംഗമധ്യേ ഇതില്‍ വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി, നാടിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയാറാകണം എന്നാണഭ്യര്‍ത്ഥിക്കാനുള്ളത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി..

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്‌ച സമാപിച്ചപ്പോള്‍ 13 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. ആദ്യദിനത്തിലെ എണ്ണം വടകരയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി- 5461, കൊയിലാണ്ടി- 3588, എലത്തൂര്‍- 3224, കോഴിക്കോട് നോര്‍ത്ത്- 2258, കോഴിക്കോട്- സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂര്‍- 3399 എന്നിങ്ങനെയാണ് രണ്ടും മൂന്നും ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്ക്.

ചൈനയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇക്കാര്യം സൂക്ഷ്‌മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Nov 27, 2023, 6:04 PM IST

ABOUT THE AUTHOR

...view details