മലപ്പുറം:ചങ്ങരംകുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കണ്ണി മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഒതളൂര്‍ സ്വദേശിയായ സലീമിനെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്. തിങ്കളാഴ്‌ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
കണ്ണിമാങ്ങ പറിച്ചതിന് കുട്ടികള്‍ക്ക് ക്രൂരമര്‍ദനം; സ്ഥലം ഉടമയ്‌ക്കെതിരെ കേസ് - കുട്ടികള്‍ക്ക് ക്രൂരമര്‍ദനം
ചങ്ങരംകുളത്ത് മാങ്ങ പറിച്ചതിന് കുട്ടികള്‍ക്ക് ക്രൂരമര്‍ദനം. സ്ഥലം ഉടമയായ ഒതളൂര്‍ സ്വദേശി സലീമിനെതിരെ കേസ്. കുട്ടികളെ തടഞ്ഞ് നിര്‍ത്തി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഷര്‍ട്ട് ഊരി വാങ്ങിയ ഇയാള്‍ കുട്ടികളെ അസഭ്യം വിളിച്ചു.
ഒതളൂർ പൊലിയോടം പാടത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ 9 വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളാണ് മര്‍ദനത്തിന് ഇരയായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ കുട്ടികള്‍ സമീപത്തെ തോട്ടത്തില്‍ കണ്ണിമാങ്ങ പറിക്കുമ്പോഴാണ് തോട്ടത്തിന്‍റെ ഉടമയായ സലീം എത്തിയത്. ഉടമ വരുന്നത് കണ്ട കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുട്ടികളെ തടഞ്ഞ് നിര്‍ത്തി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുട്ടികളെ അസഭ്യം പറഞ്ഞ ഇയാള്‍ ഷര്‍ട്ട് ഊരി വാങ്ങി കുട്ടികളെ തടഞ്ഞ് വച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപത്തെ തോട്ടത്തിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി കുട്ടികളെ വിട്ടയക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ചൈല്‍ഡ് ലൈനില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്.