മലപ്പുറം:കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണവുമായി വാഴക്കാട് പൊലീസ്. മാലാഖ എന്ന പേരിട്ട പരിപാടിയില്‍ മെഴുകുതിരി കത്തിച്ച് മൗനജാഥ നടത്തിയാണ് ബോധവൽക്കരണം നടത്തിയത്. എടവണ്ണപ്പാറ ജംഗ്ഷനിൽ നടന്ന പരിപാടി ഇൻസ്പെക്‌ടർ കുഞ്ഞിമൊയ്‌തീൻകുട്ടി ഉദ്ഘാടനം ചെയ്‌തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ; ബോധവല്‍ക്കരണ സന്ദേശവുമായി വാഴക്കാട് പൊലീസ്
കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ പൊതു ജനങ്ങളെ ബോധവൽക്കരിക്കാനാണ് വാഴക്കാട് പൊലീസ് 'മാലാഖ' എന്ന പരിപാടി സംഘടിപ്പിച്ചത്.
സാമൂഹ്യപ്രവർത്തകരും ട്രോമാകെയർ വളണ്ടിയർമാരും പൊലീസും, നാട്ടുകാരും, ഡ്രൈവർമാരും മൗനജാഥയിൽ പങ്കാളികളായി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ എടവണ്ണപ്പാറ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ് ഇൻസ്പെക്‌ടർ കുഞ്ഞിമൊയ്‌തീന്‍ കുട്ടി ഉദ്ഘാടനം ചെയ്‌തു. വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, വാഴക്കാട് സബ് ഇൻസ്പെക്‌ടർ മുഹമ്മദ് കുട്ടി , പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, അനില, സാമൂഹ്യ പ്രവർത്തകൻ ജമാൽ നാസർ, ശിഹാബ് വാലില്ലാപ്പുഴ, നൗഷാദ് വട്ടപ്പാറ എന്നിവര്‍ ജാഥയില്‍ പങ്കാളികളായി.