മലപ്പുറം: 58.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്‍റെ പിടിയിലായി. നിലമ്പൂർ വടപുറം സ്വകാര്യ ആശുപത്രിക്ക് മുന്നിലുള്ള കെ.എൻ.ജി റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്. നിലമ്പൂർ ഭാഗത്തേക്ക് തണ്ണി മത്തനുമായി വരികയായിരുന്ന ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ലോറി ഡ്രൈവർമാരായ വയനാട് വൈത്തിരി പന്തിപ്പൊയിൽ കൂനൻ കരിയാട് വീട്ടിൽ ഹാഫീസ് (29) കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി (26) എന്നിവരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘത്തെ കീഴ്‌പ്പെടുത്തി രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം വിഫലമായി. ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും, ക്യാബിനു മുകളിൽ ടാർ പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി കഞ്ചാവ്. കർണാടകയിൽ നിന്നും നാടുകാണി ചുരം വഴി വഴിക്കടവിലൂടെ നിലമ്പൂരിലേക്ക് എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പൈലറ്റ് വാഹനത്തിൽ വന്നവർ നൽകിയ വിവരത്തെ തുടർന്ന് വയനാട് വടുവൻചാൽ വഴിതിരിച്ചുവിട്ടു. ഇവിടെ നിന്നും കഞ്ചാവ് ഇന്നോവ കാറിൽ കയറ്റി.