മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി 22 മരണം. ഇന്നലെ വൈകിട്ട് 7.30ഓടെയാണ് അപകടം. 35ലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. പരിധിയേക്കാൾ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതാണ് അപകടത്തിന് കാരണം. ബോട്ട് കരക്കടുപ്പിച്ചു. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്.
തീരത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. മരിച്ചവരിൽ നിരവധി സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. കൈക്കുഞ്ഞുങ്ങളടക്കം അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടത്തിൽ രക്ഷപെടാനാവശ്യമായ മുൻകരുതലുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
ബോട്ടുടമ നാസർ നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. ബോട്ടിന്‍റെ ലൈസൻസ്, ഫിറ്റ്നസ് എന്നിവയുൾപ്പെടെ പരിശോധിക്കാനും നിർദേശം ഉണ്ട്. അപകടത്തില്‍ പെട്ടവരില്‍ നിരവധി പേരെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കി.