അക്ഷയ്‌യുടെ സ്വപ്‌നങ്ങൾക്ക് ചിറക് വിരിയ്ക്കാൻ ബിരിയാണി ചലഞ്ച് മലപ്പുറം: യുവതാരത്തിന് വിദേശത്ത് ഫുട്‌ബോൾ പരിശീലനത്തിന് തുക കണ്ടെത്താൻ ബിരിയാണി ചലഞ്ച്. (Biriyani challenge at Edavanna Pathappiriyam). എടവണ്ണ പത്തപ്പിരിയം പാണരുകുന്ന് സ്വദേശിയായ അക്ഷയ്‌ക്ക് സ്പെയിനിൽ പരിശീലനം നടത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇതിനായി 5 ലക്ഷം രൂപയോളം ചെലവ് വരും. സ്പെയിനിലേക്ക് ഫുട്ബോൾ പരിശീലനത്തിനായി സെലക്ഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രയാസത്താൽ സ്വപ്‌നം ഉപേക്ഷിയ്‌ക്കാനുള്ള തീരുമാനത്തിലായിരുന്നു അക്ഷയ്.
ഇതേ തുടർന്നാണ് പണം സ്വരൂപിക്കുന്നതിനു വേണ്ടി ബിരിയാണി ചലഞ്ചുമായി (Biriyani challenge to raise fund for football training in Spain) നാട്ടുകാർ രംഗത്ത് എത്തിയത്. ഇതിനായി പത്തപ്പിരിയത്ത് വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
ഇപ്പോൾ ഫുട്ബോൾ അണ്ടർ 19 വിഭാഗത്തിൽ യുണൈറ്റഡ് എഫ്‌യിയിൽ പരിശീലനം നടത്തുകയാണ് അക്ഷയ്. ഇതിനിടയിലാണ് സ്പെയിനിൽ നിന്നും പരിശീലനത്തിനായി വലിയ അവസരം അക്ഷയ്‌യെ തേടി എത്തുന്നത്. സ്പെയിനിലെ പ്രമുഖ ക്ലബ്ബിലേക്കാണ് അക്ഷയ്ക്ക് പരിശീലനത്തിനായി അവസരം ലഭിച്ചത്. തന്‍റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള നാട്ടുകാരുടെ പ്രയത്നത്തിൽ പങ്കാളിയാകാൻ അക്ഷയ്‌യും ബിരിയാണി ചലഞ്ചിൽ പാക്കിങ്ങിനായി എത്തിയിരുന്നു.
'അക്ഷയ് സ്‌പെയിനിലേക്ക്' എന്ന പേരിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചലഞ്ച് ഏറ്റെടുക്കുമ്പോൾ കാണിച്ച അതേ ആവേശം പാക്കിങ് പൂർത്തിയാക്കുന്നത് വരെ ഉണ്ടായിരുന്നെന്നും ഇതിനായി ആളുകൾ സജീവമായി പ്രവർത്തിച്ചെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബിരിയാണി വിറ്റ് തീരുന്നതോടെ തങ്ങൾ ലക്ഷ്യത്തിലെത്തി ചേരുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Also read: ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ സഹായം തേടി അമ്പെയ്‌ത്ത് താരം റിമല്‍ മാത്യു