മലപ്പുറം: ഏഴു പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയ ജീവിതം, മൂന്ന് മന്ത്രിസഭകളില്‍ അംഗം, എട്ട് തവണ നിലമ്പൂര്‍ എംഎല്‍എ, വിവാദമായ സഖാവ് കുഞ്ഞാലി വധക്കേസ്. മലബാറില്‍ കോൺഗ്രസിന്‍റെ മുഖവും ശബ്‌ദവുമായിരുന്ന ആര്യാടൻ മുഹമ്മദ് വിടപറയുമ്പോൾ നഷ്‌ടം കോൺഗ്രസിന് മാത്രമല്ല. സ്കൂൾ ഫുട്‌ബോൾ താരത്തില്‍ നിന്ന് ട്രേഡ് യൂണിയൻ നേതാവായും പിന്നീട് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായും വളർന്ന ആര്യാടൻ മുഹമ്മദ് എക്കാലവും വിവാദങ്ങളെയും ഒപ്പം കൂട്ടിയിരുന്നു.
നിലമ്പൂരിന്‍റെ കുഞ്ഞാക്ക: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന നിലമ്പൂരില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമൊരുക്കിയാണ് ആര്യാടൻ മുഹമ്മദ് എന്ന പേര് രാഷ്ട്രീയ കേരളത്തില്‍ എഴുതിച്ചേർത്തത്. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും സന്ധിയില്ലാത്ത രാഷ്ട്രീയ വർത്തമാനവും നിറഞ്ഞ ചിരിയുമായി നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് വിടപറയുമ്പോൾ ഏത് രാത്രിയിലും കയറിച്ചെല്ലാനും പരാതിയും പ്രശ്‌നങ്ങളും പറയാനുമുള്ള ഇടം കൂടിയാണ് നിലമ്പൂരിന് നഷ്‌ടമായത്.
മലപ്പുറത്തെ ഒറ്റപ്പേര്: മലബാറില്‍ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ നേതാക്കളില്‍ എന്നും മുന്നിലാണ് ആര്യാടൻ എന്ന പേര്. കോൺഗ്രസിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായ മുസ്ലീംലീഗിനോട് രാഷ്ട്രീയമായി ഏറ്റുമുട്ടിയാണ് ആര്യാടൻ മുഹമ്മദ് എന്നും നിലമ്പൂരിനെ ഒപ്പം ചേർത്തുപിടിച്ചത്. കോൺഗ്രസിന് പോലും പാണക്കാട് തങ്ങൾ അവസാന വാക്കാകുമ്പോൾ ആര്യാടൻ കലഹിച്ചു നിന്നു.
ലീഗിന്‍റെ വളർച്ച ഏറ്റവുമധികം തിരിച്ചടിയാകുന്നത് കോൺഗ്രസിനാണെന്ന് ആര്യാടൻ മുഹമ്മദ് എന്നും സ്വന്തം പാർട്ടിയെ ഓർമിപ്പിച്ചിരുന്നു. പക്ഷേ കലഹവും വിമർശനവും തുടരുമ്പോഴും തെരഞ്ഞെടുപ്പുകളില്‍ ലീഗ് ആര്യാടന് ഒപ്പമായിരുന്നു. അതായിരുന്നു ശരിക്കും നിലമ്പൂരിന്‍റെ സ്വന്തം ആര്യാടൻ മുഹമ്മദിന്‍റെ ശക്തിയും. പലപ്പോഴും മതം രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ആര്യാടൻ ശരിക്കും കോൺഗ്രസായി. ഇടതു പക്ഷത്തോട് ആശയപരമായ വിയോജിപ്പ് നിലനില്‍ക്കുമ്പോഴും 1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു ആര്യാടന്‍.
തോറ്റുതുടങ്ങിയത് ജയിക്കാൻ മാത്രം: 1952ല്‍ കോണ്‍ഗ്രസ് അംഗമായ ആര്യാടന്‍ മുഹമ്മദ് 1959ല്‍ വണ്ടൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയായി. 1965ല്‍ മുപ്പതാം വയസില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കുഞ്ഞാലിയോട് പരാജയമേറ്റുവാങ്ങിയാണ് ആര്യാടൻ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. 1967ല്‍ വീണ്ടും നിലമ്പൂരില്‍ കുഞ്ഞാലിയോട് തോല്‍വി.