മലപ്പുറം:വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്കുവിട്ട നടപടിക്കെതിരേ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. അടുത്ത ഒന്‍പതിന് വഖഫ് സംരക്ഷണ സമ്മേളനം നടത്തും. പാണക്കാട് നടന്ന ലീഗ് അടിയന്തര നേതൃയോഗ തീരുമാനത്തിനുശേഷം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലീഗിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംസ്ഥാന സമ്മേളനവും സംഘടിപ്പിക്കും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്കുവിട്ട നടപടി പിന്‍വലിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തില്‍ മാത്രമല്ല രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. Appointments in Waqf Board
'എന്തിനെയും വര്‍ഗീയവത്കരിക്കുന്നത് ശരിയല്ല'
സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും അതുവരെയും പ്രക്ഷോഭം നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍പ്രക്ഷോഭങ്ങള്‍ പിന്നീട് ആസൂത്രണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. വഖഫ് ബോര്‍ഡിനെ അപ്രസക്തമാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ എന്തിനാണ് മുന്നോട്ട് പോകുന്നത്. വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്‍റെ ആവശ്യകത മുസ്‌ലിംകള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിട്ടില്ല.
എന്തിനെയും വര്‍ഗീയവത്കരിക്കുന്നത് ശരിയല്ല. ന്യായമായ അവകാശങ്ങളെപോലും വര്‍ഗീയത ആരോപിച്ച് നിഷേധിക്കുകയാണ്. രാജ്യത്തെവിടെയും മുമ്പെങ്ങുമില്ലാത്ത നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ഇത് ബി.ജെ.പി സര്‍ക്കാറുകള്‍ ആവര്‍ത്തിക്കും. ഇത്തരം നീക്കം വഖഫ് ബോര്‍ഡുകളെ അപ്രസക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.