മലപ്പുറം: വളാഞ്ചേരിയിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി കുളമംഗലം അർമ ലബോറട്ടറി ഉടമ സുനിൽ ദത്ത് അറസ്റ്റിൽ. അതേസമയം താൻ തെറ്റുകാരനല്ലെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കുറ്റം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പ്രതിയായ സുനിൽ പറഞ്ഞു. കൊവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് അനധികൃതമായി ഉണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചസിയായ അർമ ലബോറട്ടറി കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതൽ കൊവിഡ് പരിശോധനക്കായി 25000 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിൽ 500നു താഴെ പേരുടെ സാമ്പിൾ മാത്രമാണ് ഇവർ കോഴിക്കോട് അയച്ചിരുന്നത്. ബാക്കി സാംപിളുകൾ ലാബ് നശിപ്പിക്കുകയും ബാക്കിയുള്ള ആളുകൾക്ക് കോഴിക്കോടുള്ള ലാബിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുകയുമായിരുന്നു. സംഭവത്തിൽ പരിശോധനയുടെ പേരിൽ 2000 പേരിൽ നിന്നായി 2750 രൂപ ലാബ് ഉടമകൾ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.