മലപ്പുറം :കുരുത്തിച്ചാലിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വളാഞ്ചേരി കൊളത്തൂർ സ്വദേശി മരിച്ചു. വെള്ളപ്പാടം തരിശുഭാഗത്തുനിന്നാണ് ഹാരിസി(26)ന്‍റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്‌ച വൈകിട്ടാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. ഫയർഫോഴ്‌സും ഐ.എ.ജി പ്രവർത്തകരും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
ഞായറാഴ്‌ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഹാരിസ് ഉൾപ്പെടെയുള്ള അഞ്ചംഗസംഘമാണ് കുന്തിപ്പുഴയിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിയത്.
Also read:മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍
സംഘം കുരുത്തിച്ചാൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപമുള്ള ഭാഗത്ത് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഇറങ്ങങിയ ഹാരിസ് ശക്തമായ കുത്തൊഴുക്കിൽപ്പെട്ടു.
വളാഞ്ചേരി കുളത്തൂർ സ്വദേശികളായ നിസാമുദ്ദീന്‍, അഫ്‌സല്‍, സഹീർ, നൗഫൽ എന്നിവരാണ് യാത്രാസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് അധികൃതർ മൂന്നുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
പുഴയിൽ വെള്ളം കൂടുതലാണെന്നും ആ ഭാഗത്തേക്ക് പോകരുതെന്നും ഇവരോട് പറഞ്ഞതായി പ്രദേശവാസികള്‍ പ്രതികരിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.