മലപ്പുറം: കൽപകഞ്ചേരിയിൽ പതിനാല് വയസുകാരിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ എട്ട് മാസമായി ഏഴ് പ്രതികളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടിലെത്തി നിരവധി തവണയാണ് ഇവർ പീഡനത്തിനിരയാക്കിയത്. കേസിലെ മുഖ്യപ്രതിയായ യുവാവാണ് മറ്റുള്ളവർക്ക് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത് നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.
പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി ബന്ധുവായ പെൺകുട്ടിയോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ തൂവ്വക്കാട്, തെയ്യാല സ്വദേശികളായ 22കാരനെയും 23കാരനെയും പൊലീസ് കഴിഞ്ഞദിവസം എറണാകുളത്ത് നിന്ന് പിടികൂടിയിരുന്നു.
ലഹരിമരുന്നിന് അടിമയാക്കി പീഡനം; പതിനാലുകാരിയെ പീഡിപ്പിച്ചത് ഏഴ് പേര്‍ നിലവിൽ മുഖ്യപ്രതിയടക്കം ബാക്കി അഞ്ച് പ്രതികളും ഒളിവിലാണ്. ലോക്ക് ഡൗൺ സമയത്താണ് കേസിലെ ഒന്നാം പ്രതിയായ യുവാവ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്‌ത് ബന്ധം സ്ഥാപിച്ചു. തുടർന്ന് പെൺകുട്ടിക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും എത്തിച്ചുനൽകി. വീടിന്‍റെ മതിലിൽ ഒളിപ്പിച്ചും മറ്റുമാണ് പെൺകുട്ടിക്ക് കഞ്ചാവ് കൈമാറിയത്.
കൽപകഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തിയിരുന്ന ഇയാള്‍ പിന്നീട് പതിവായി കഞ്ചാവ് നൽകി പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു. വീട്ടുകാരറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ ആറുപേർക്കും പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌തു. കഞ്ചാവ് വിൽപ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് പെൺകുട്ടിയെ പീഡിപ്പിച്ചത്. ലഹരിക്ക് അടിമയാക്കി മാറ്റിയ ശേഷമായിരുന്നു ഒമ്പതാം ക്ലാസുകാരിയെ ഏഴംഗ സംഘം ചൂഷണം ചെയ്‌തത്. പ്രതികൾ കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും ഉള്ളവരാണെന്നാണ് വിവരം.