കോഴിക്കോട്: വടകരയിൽ ഓടുന്ന ട്രെയിനിൽ നിന്നും സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അസം മൊറിഗാവ് (Morigaon) സ്വദേശി മരിച്ചു. വെള്ളിയാഴ്‌ച (ഫെബ്രുവരി മൂന്ന്) വൈകിട്ട് കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി എക്‌സ്‌പ്രസിലുണ്ടായ സംഭവത്തില്‍ പരിക്കേറ്റയാള്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അസം സ്വദേശി വിവേകിനെ ഇതേ നാട്ടുകാരനായ മുഫദൂർ ഇസ്‌ലാമാണ് തള്ളിയിട്ടത്. സംഭവത്തില്‍ പ്രതി മുഫദൂർ (26) പിടിയിലായിട്ടുണ്ട്.
വടകരയിൽ ട്രെയിനില്‍ നിന്നും തള്ളിയിട്ട് സുഹൃത്തിനെ കൊന്നു, അസം സ്വദേശി പിടിയില്‍ - അന്ത്യം അസം സ്വദേശിയ്‌ക്ക്
കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്നുമാണ് സുഹൃത്ത് യുവാവിനെ തള്ളിയിട്ടത്
മാഹിക്കും വടകരയ്‌ക്കും ഇടയിൽവച്ചാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. വടകരയ്ക്കാണ് ഇരുവരും ടിക്കറ്റെടുത്തിരുന്നത്. വടകര മുക്കാളി പ്രദേശത്ത് എത്തിയപ്പോഴാണ് പ്രതി സുഹൃത്തിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിവേകിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആർപിഎഫാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. മുഫദൂർ ഇസ്‌ലാമുമായി ട്രെയിനില്‍ വച്ച് പിടിവലി ഉണ്ടായിരുന്നതായും തുടര്‍ന്നാണ് വിവേക് പുറത്തോട്ട് വീണതെന്നും യാത്രക്കാർ പറഞ്ഞതായി ആർപിഎഫ് അധികൃതർ അറിയിച്ചു.
റെയിൽവേ പൊലീസിൻ്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കായി കേരളത്തിൽ എത്തിയ ഇരുവരും മാഹിയിൽ നിന്ന് മദ്യം കഴിച്ചാണ് ട്രെയിനിൽ കയറിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും തന്നെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജോലിചെയ്‌തിരുന്ന വടകരയിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.