കേരളം

kerala

ETV Bharat / state

എം.ടി: സാംസ്‌കാരിക മലയാളത്തിന്‍റെ പുണ്യം, അക്ഷരങ്ങളുടെ മഹാരഥന് 89ന്‍റെ 'ചെറുപ്പം' - എംടി വാസുദേവൻ നായർ പിറന്നാൾ

എംടി : ഉള്ളുലച്ച മുഹൂര്‍ത്തങ്ങളെ ഊതിക്കാച്ചി വിളക്കി ശില്‍പ്പഭദ്രമാക്കിയ എഴുത്ത്.

WRITER MT VASUDEVAN  MT VASUDEVAN BIRTHDAY CELEBRATION  MT VASUDEVAN BIRTHDAY OLAVUM THEERAVUM MOVIE LOCATION  എംടി വാസുദേവൻ നായർ പിറന്നാൾ  എടി വാസുദേവൻ നായർ ഓളവും തീരവും
അക്ഷരങ്ങളുടെ മഹാരഥൻ എംടി 89ന്‍റെ നിറവിൽ

By

Published : Jul 15, 2022, 7:36 AM IST

കഥകളുടെ പെരുന്തച്ചന്‍ എം.ടി വാസുദേവന്‍ നായര്‍ 89ന്‍റെ നിറവില്‍. സ്വന്തം സിനിമയുടെ ലൊക്കേഷനിൽ എംടി ഇന്ന് പിറന്നാൾ ആഘോഷിക്കും. 1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘ഓളവും തീരവും’ സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്‌ടിക്കുന്ന തൊടുപുഴയ്ക്കടുത്തുള്ള ലൊക്കേഷനിലാണ് 89–ാം പിറന്നാളാഘോഷം. അനന്യമായ കാഴ്‌ചാനുഭവവും വായനാനുഭവവും മലയാളത്തിന് സമ്മാനിച്ച എംടിയ്ക്ക് സംസ്‌കാരിക മലയാളം നിറവാര്‍ന്ന പിറന്നാള്‍ നേരുന്നു.

മലയാളത്തിന് കഥകളുടെ കണ്ണാന്തളിപ്പൂക്കാലം സമ്മാനിച്ച വീരഗാഥയാണ് ആ സര്‍ഗജീവിതം. തീക്ഷ്‌ണാനുഭവങ്ങളുടെ മൂശയില്‍ കഥകള്‍ വാര്‍ത്തെടുക്കുകയായിരുന്നു ആ രാജശില്‍പ്പി. ഉള്ളുലച്ച മുഹൂര്‍ത്തങ്ങളെ ഊതിക്കാച്ചി വിളക്കി ശില്‍പഭദ്രമാക്കിയ എഴുത്ത്.

വിധിയുടെ ഊരാക്കുടുക്കില്‍ ഉഴലുന്നവരായിരുന്നു എംടി പരിചയപ്പെടുത്തിയവരിലേറെയും. അകത്തളങ്ങളിലെ ദുരിത പര്‍വ്വങ്ങള്‍ അക്ഷരമൂര്‍ച്ചയോടെയാണ് വായനക്കാരിലേക്ക് പകര്‍ന്നത്. ബന്ധങ്ങളും ബന്ധനങ്ങളും പ്രമേയമായപ്പോള്‍ മലയാളമെന്ന ചെറുഭാഷയില്‍ ലോകോത്തര കഥകളും നോവലുകളും സിനിമകളും പിറന്നു.

മലയാളിയെ വേട്ടയാടുന്ന കുട്ട്യേടത്തിയും വേലായുധനും:കടലാസിലും വെള്ളിത്തിരയിലും തീക്കോരിയിട്ട കഥാസന്ദര്‍ഭങ്ങള്‍ അനുവാചകഹൃദയം നിരന്തരം നീറ്റി. അതിഭാവുകത്വത്തിന്‍റെ മേലാപ്പുകളില്ലാതെ, ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത അനുഭവങ്ങളിലൂന്നിയായിരുന്നു രചനകള്‍. പലമകളുടെ സങ്കലനം ജ്വലിപ്പിച്ച സൃഷ്‌ടികള്‍. വൈവിധ്യ സുന്ദരമായ പാത്രരൂപകല്‍പനകള്‍.

കുട്ട്യേടത്തിയും, ഇരുട്ടിന്‍റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും, നാലുകെട്ടിലെ അപ്പുണ്ണിയും, കാലത്തിലെ സേതുമാധവനും, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും വായനക്കാരുടെ ഉറക്കം കെടുത്തിയവരാണ്. നെഞ്ചിന് കനമേകിയവരാണ്. അനേക ഹൃദയങ്ങളില്‍ കനിവിന്‍റെ ഉറവയ്‌ക്ക് ചാലിട്ടവരാണ്.

അതിജീവനത്തിനായി പോരാടുന്നവരും അസ്‌തിത്വ പ്രതിസന്ധികളുമായി അലയുന്നവരും പുറം കാഴ്‌ചകളില്‍ ഭ്രമിച്ച് ഉഴറിയവരുമെല്ലാം കഥകളിലും നോവലുകളിലും തിരക്കഥകളിലുമെത്തി അനുവാചകരോട് ജീവിതം പങ്കുവച്ചു. നാട്ടുകാഴ്‌ചാ സന്ദര്‍ഭങ്ങള്‍ അത്രമേല്‍ ജീവസ്സോടെ പശ്ചാത്തലമേകി.

കൂടല്ലൂരും നിളയും ചേര്‍ത്തുവരച്ച എംടി:എംടിയെന്ന കഥാകാരനെ വീടും നാടും പരുവപ്പെടുത്തുകയായിരുന്നു. പുന്നയൂര്‍ക്കുളം നാരായണന്‍ നായര്‍ തെക്കേപ്പാട്ട് അമ്മാളു അമ്മ ദമ്പതികളുടെ മകനായി 1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. കോപ്പന്‍മാസ്റ്ററുടെ കുടപ്പള്ളിക്കൂടത്തില്‍ മൂന്നാം വയസില്‍ അക്ഷരമധുരമറിഞ്ഞു. കൂടല്ലൂരും നിളയും വാസുവിന് കൈനിറയെ കഥകളേകി.

മലമക്കാവ് എലിമെന്‍ററി സ്‌കൂള്‍, കുമരനല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് പലയിടങ്ങളിലായി അധ്യാപക ജോലി, 1956ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ സഹപത്രാധിപര്‍. 1968ല്‍ പത്രാധിപര്‍. 81 വരെ നീണ്ട ധൈഷണിക പത്രപ്രവര്‍ത്തന ജീവിതം.

മലയാളത്തിന് സുകൃതമായ ആ പുണ്യ ജീവിതത്തില്‍ പുരസ്‌കാരാധ്യായങ്ങള്‍ ഏറെ. ജ്ഞാനപീഠം പൂകിയ സാഹിത്യ സപര്യയ്ക്ക് പത്മഭൂഷണും നിറച്ചാര്‍ത്തേകി. കാലത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും.

അഭ്രപാളിയിലെ വിസ്‌മയങ്ങള്‍:എംടിയുടെ ചലച്ചിത്ര സംഭാവനകളും ഏറെ. 60 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 6 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവയടക്കം 17 സംസ്ഥാന അവാര്‍ഡുകള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 10 തവണ.

നിര്‍മ്മാല്യം ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി. വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്ന രംഗം എഴുതുകയെന്നത് ഒരേയൊരു എംടിക്ക് മാത്രം സാധിക്കുന്നത്.

അട്ടിമറിക്കപ്പെട്ടൊരു രാഷ്ട്രീയ കാലാവസ്ഥയില്‍, അത്ര തീക്ഷ്‌ണമായ നിലപാട് പ്രഖ്യാപനം ഒരു എഴുത്തുകാരനില്‍ നിന്ന് ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.

ഓളവും തീരവും, ഓപ്പോള്‍, പരിണയം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി എഴുതിയതെല്ലാം ശ്രദ്ധേയ ചിത്രങ്ങള്‍. കഥാസഞ്ചയം തുറന്നിട്ട എംടിയെന്ന രണ്ടക്ഷരം മലയാളിയുടെ വികാരമാവുകയായിരുന്നു.

ആ സര്‍ഗവസന്തം നുകരുന്ന മലയാളി ജീവിതം അത്രമേല്‍ ധന്യമാണ്. മലയാളമുള്ളിടത്തോളം തലമുറകളില്‍ അക്ഷരപ്രഭ ചൊരിഞ്ഞ്, എണ്ണിയാലൊടുങ്ങാത്ത വായനക്കാരെ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മഹാപ്രയാണമാണ് ആ അതുല്യജീവിതം.

ABOUT THE AUTHOR

...view details