കോഴിക്കോട്: ജോലി ഭാരത്താല്‍ വലയുകയാണെന്ന പരാതിയുമായി ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ നടപടിക്രമങ്ങൾ, അധ്യാപകരുടെ പരിശീലനങ്ങൾ എന്നിവ ഒരേ സമയം വന്നതോടെയാണ് പ്രിൻസിപ്പല്‍മാരുടെ ജോലി ഭാരം വർദ്ധിച്ചത്.
സഹായിക്കാൻ ആളില്ല: ഓടിത്തളർന്ന് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ
ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോലും പ്രിൻസിപ്പൽമാർ നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ പറയുന്നത്.
പല സ്കൂളുകളിലും പ്യൂൺ, ക്ളാർക്ക് എന്നിവരുടെ അഭാവമാണ് സ്കൂൾ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നത്. സ്കൂൾ തുറക്കുന്ന ജൂൺ മൂന്നിനു തന്നെ പ്ലസ് വൺ പ്രവേശനവും നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്രമങ്ങളും പ്രിൻസിപ്പൽമാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. പ്ലസ് വൺ അപേക്ഷകൾ സ്കൂൾ തലത്തിൽ പരിശോധിച്ച് വെബ്സൈറ്റിലിടേണ്ട ചുമതലയും പ്രധാന അധ്യാപകർക്കാണ്. എല്ലാ ജോലിയും ഒരേ സമയത്ത് തീർക്കണമെന്ന സർക്കാരിന്‍റെ നിലപാടാണ് വിനയായതെന്ന് വേളം ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പലും കെഎച്ച്എസ്ടിയു സംസ്ഥാന പ്രസിഡന്‍റുമായ കെ.പി. അബ്ദുൽ ലത്തീഫ് പ്രതികരിച്ചു.