കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനത്തിൽ കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. സ്വാഭാവികമായ ചോദ്യം ചെയ്യലാണ് നടന്നതെന്ന് കെഎം ഷാജി പ്രതികരിച്ചു. കണ്ടെടുത്തത് തെരഞ്ഞെടുപ്പിനായി ശേഖരിച്ച പണമാണെന്നും പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കെഎം ഷാജി പറഞ്ഞു. വിദേശ കറൻസി ആ നിമിഷം തന്നെ വിജിലൻസ് തിരിച്ചേൽപ്പിച്ചിരുന്നു. കൈയിലുള്ള രേഖകൾ ഹാജരാക്കിയെന്നും ഒരാഴ്‌ച കൊണ്ട് ബാക്കി രേഖകൾ ഹാജരാക്കുമെന്നും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കെഎം ഷാജി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും മൂന്ന് വർഷത്തിലധികമായി നിരന്തരമായി തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാജി ഒരു രേഖയും ഹാജരാക്കിയില്ലെന്ന് വിജിലൻസ്: കൈയിലുള്ള രേഖകൾ കൊടുത്തെന്ന് ഷാജി റെയ്‍ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നതെന്നും കെഎം ഷാജി പറഞ്ഞു. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാർത്തകൾ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണമായിരുന്നു വിജിലൻസ് കണ്ടെത്തിയതും 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് കണ്ടെത്തിയിരിക്കുന്നത് എന്നും ഷാജി പറഞ്ഞു.
ക്യാമ്പ് ഹൗസിൽ ഒരു ബെഡ് റൂമേയുള്ളൂ, അതിൽ ഒരു കട്ടിലേയുള്ളൂ, അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവർക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. അത് സ്വാഭാവികമാണല്ലോ. ലോകത്തിലെ പല രാജ്യങ്ങളിലെ കറൻസി മക്കൾ ശേഖരിച്ച് വച്ചതാണ്. അതിൽ വിജിലൻസിന് സംശയമില്ലെന്നും ഷാജി പ്രതികരിച്ചു.
അതേ സമയം, പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഷാജി സമർപ്പിച്ചിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് യോഗത്തിന്‍റെ മിനുറ്റ്സ് മാത്രമാണ് സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിലും രേഖകൾ ലഭിക്കേണ്ടതുണ്ട്. ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. നാലര മണിക്കൂറാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്‌പി ജോണ്‍സണിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജിയുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത പണം, സ്വർണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലൻസ് തേടുന്നത്.
കൂടുതൽ വായനക്ക്: അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു