കോഴിക്കോട്:ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്‌തയുടെ നിർദേശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈകടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സമസ്‌തയുടെ നിര്‍ദേശം; തീരുമാനം വ്യക്തികളുടേതെന്ന് വി ശിവൻകുട്ടി, ആരാധനയല്ല സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് മാത്രം മതിയെന്ന് നാസർ ഫൈസി സമസ്‌തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
സമസ്‌തയുടെ നിര്‍ദേശത്തെ പിന്തുണച്ച് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി: സ്‌പോർട്‌സ്‌മാൻ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണുന്നതിന് പകരം താരാരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാൾ സ്നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യഭക്ഷണത്തിന് മനുഷ്യൻ പ്രയാസപ്പെടുമ്പോൾ വമ്പിച്ച പണം കൊണ്ട് താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാൻ അമിതാരാധന കാരണമാകുന്നു. പള്ളികളിൽ പ്രാർത്ഥനക്ക് വരേണ്ട സമയത്ത് കളികാണുന്നതില്‍ മുഴുകുന്നത് വഴി പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണെന്നും സിനിമ, സ്പോർട്‌സ്, രാഷ്‌ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്‌ത പറയുന്നത് ഇങ്ങനെ: വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുവെന്നായിരുന്നു സമസ്‌തയുടെ നിലപാട്. നമസ്‌കാരം കൃത്യസമയത്ത് നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തുന്ന വിധത്തിലായിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും, ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്‌തയുടെ നിര്‍ദേശത്തിലുണ്ട്.
പ്രായഭേദമന്യേ എല്ലാവരും കാല്‍പ്പന്ത് കളിയുടെ ലോക മാമാങ്കത്തിന്‍റെ ആവേശത്തില്‍ ആറാടി നില്‍ക്കെ വിശ്വാസികള്‍ ടൂര്‍ണമെന്‍റിനെ എങ്ങനെ സമീപിക്കണമെന്ന നിര്‍ദേശവുമായാണ് സമസ്‌ത രംഗത്തുവന്നത്. ഇന്ന് ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്‌ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.