കനത്ത മഴ: മലബാറിലേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി
കാലാവസ്ഥ പ്രതികൂലമാണെങ്കിൽ നാളെയും ട്രെയിനുകൾ റദ്ദ് ചെയ്യേണ്ടി വരുമെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ വ്യക്തമാക്കി
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് മലബാറിലേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. എറണാകുളം റെയിൽവേ സ്റ്റേഷന്‍റെ പാതയിൽ വെള്ളം കയറിയതോടെയാണ് മലബാറിലേക്കുള്ള ട്രെയിനുകൾക്ക് പാതിവഴിയിൽ യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. മംഗലാപുരം ഭാഗത്ത് നിന്ന് തെക്കോട്ട് സർവീസ് നടത്തേണ്ട ട്രെയിനുകൾ മഴയെ തുടര്‍ന്ന് ഷൊർണ്ണൂരും തൃശ്ശൂരും യാത്ര അവസാനിപ്പിച്ചു. രാവിലെ മംഗലാപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന എക്സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശ്ശൂരിലാണ് സർവീസ് അവസാനിപ്പിച്ചത്. പാതി വഴിക്ക് സർവീസ് അവസാനിപ്പിച്ച ട്രെയിനുകള്‍ മംഗലാപുരം ഭാഗത്തേക്ക് സർവീസ് നടത്തേണ്ട സമയങ്ങളിൽ തിരികെയാത്ര തുടരുമെന്നാണ് റെയില്‍വേ അറിയിച്ചത്. നിലവിൽ മലബാറിലൂടെ സർവീസ് നടത്തുന്ന 12075 ,12076 ജനശതാബ്ദി എക്സ്പ്രസ്, 16306 കണ്ണൂർ -എറണാകുളം ഇന്‍റർസിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കിയതായി കോഴിക്കോട് സ്റ്റേഷൻ മാനേജർ അറിയിച്ചു. റെയിൽ പാളത്തിലെ വെള്ളം പൂർണ്ണമായും വലിയാതെ സർവീസ് പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.