കേരളം

kerala

By ETV Bharat Kerala Team

Published : Jan 12, 2024, 10:32 PM IST

ETV Bharat / state

വിസ്‌മയ കാഴ്‌ചയായി വെള്ളാട്ടിലും ചൂട്ടുകളിയും ; തിറയാട്ട ഉത്സവങ്ങള്‍ക്കൊരുങ്ങി തെക്കന്‍ മലബാര്‍

Thirayattam In Kozhikode : ധനുമാസ പുലരി പിറന്നു, തെക്കന്‍ മലബാറില്‍ ഇനി തിറയാട്ടത്തിന്‍റെ വിസ്‌മയ കാഴ്‌ചകള്‍ കാണാം. തിറയാട്ട ഉത്സവത്തിന് കൊടിയേറുക ജനുവരി 14ന്.

Thirayattam In Kozhikode  തിറയാട്ട ഉത്‌സവങ്ങള്‍  കോഴിക്കോട് തിറയാട്ടം  Ethic Ritual Thirayattam
Ethic Ritual Thirayattam Performance In Kozhikode

തിറയാട്ട ഉത്സവങ്ങള്‍ക്കൊരുങ്ങി തെക്കന്‍ മലബാര്‍

കോഴിക്കോട് : ശരണ മന്ത്ര മുഖരിതമായ വൃശ്ചികം പിന്നിട്ട് ധനുമാസം പിറന്നതോടെ മലബാറിനിത് തിറയാട്ടത്തിന്‍റെ നാളുകളാണ്. ചെണ്ടയുടെയും തുടിയുടെയും ചടുല താളത്തിനൊത്ത് ദൈവ കോലധാരികൾ കാവുകള്‍ തോറും കയറിയിറങ്ങും. ജനുവരി 14ന് ചാത്തമംഗലം കോട്ടോലില്‍ പരദേവത ക്ഷേത്രത്തിൽ തിറ അരങ്ങേറുന്നതോടെയാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ തിറ ഉത്സവങ്ങള്‍ക്ക് കൊടിയേറുക.

തിറയാട്ട കാലത്തിന് മുമ്പ് തന്നെ കലാകാരന്മാര്‍ അതിനുള്ള ആടയാഭരണങ്ങളുടെയും മെയ് കോപ്പുകളുടെയുമെല്ലാം മിനുക്ക് പണികളും പൂര്‍ത്തിയാക്കും. ദേവതകളുടെയും മണ്‍മറഞ്ഞുപോയ വീരയോദ്ധാക്കളുടെയുമെല്ലാം കോലം കെട്ടിയാടുന്നതാണ് ഇക്കാലത്തെ കൗതുക കാഴ്‌ച. തിറ ഉത്‌സവത്തോട് അനുബന്ധിച്ച് ദാരിക വധം, വസൂരിമാല, കിരാതാർജ്ജുനീയം, കുട്ടിച്ചാത്ത ചരിതം തുടങ്ങിയ ആട്ടക്കഥകളും ചില കാവുകളിൽ തിറയാട്ട കലാസമിതികൾ നടത്തിവരാറുണ്ട്. ഇതിനെല്ലാം പുറമെ വെള്ളാട്ടിലും ചൂട്ടുകളിയും ഉണ്ടാകും.

ചൂട്ടിന്‍റെ വെളിച്ചത്തില്‍ വൈവിധ്യ വേഷമണിഞ്ഞെത്തുന്ന കോലങ്ങളും ഭക്തരെ ഏറെ വിസ്‌മയിപ്പിക്കാറുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തിറയാട്ട കലാസമിതികളുണ്ട്. ഓരോ കാവുകളിലും ഇത്തരം കലാസമിതികളാണ് തിറയാട്ടം അവതരിപ്പിക്കുക. ഉത്‌സവ കാലം എത്തുന്നതിന് മുമ്പ് തന്നെ തിറയാട്ട കലാസമിതികളുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിക്കും. ഇത്തവണ തിറയാട്ടത്തിന്‍റെ മുന്നോടിയായി കലാകാരൻമാരുടെ ക്ഷേമത്തിനായി കോഴിക്കോട് ജില്ലയിൽ ഒരു കൂട്ടായ്‌മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്.

കോട്ടോലില്‍ പരദേവത ക്ഷേത്രത്തിൽ തിറയാട്ട കാലത്തിന് തുടക്കം കുറിച്ചാല്‍ പിന്നീട് തെക്കന്‍ മലബാറിലെ തിറയാട്ട പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും. തിറയാട്ടത്തിനായി കോലങ്ങള്‍ കാവുകളില്‍ എത്തുമ്പോഴേക്കും അവിടം ഭക്തര്‍ തിങ്ങി നിറയും. ധനുമാസത്തില്‍ തുടങ്ങുന്ന തിറയാട്ട കാലത്തിന് മേട മാസത്തോടെയാണ് പരിസമാപ്‌തിയാവുക. കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും ഇത്തരം തിറയാട്ട കാല കാഴ്‌ചകള്‍ കാണാറുണ്ട്.

Also Read:Theyyam Timings History North Kerala കളിയാട്ടക്കാലത്തിന് തുടക്കം, അനുഗ്രഹം ചൊരിയാൻ തെയ്യങ്ങളൊരുങ്ങുന്നു....

കാവുകളിലും പഴയ തറവാട് വീടുകളിലും ക്ഷേത്രങ്ങളിലുമാണ് തിറകള്‍ അരങ്ങേറുക. തിറയാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭഗവതി തിറയാണ്. പ്രത്യേക നൃത്ത ചുവടുകളോടെയാണ് ഇത് അരങ്ങേറുക. പ്രധാനപ്പെട്ട തിറയായത് കൊണ്ട് തന്നെ ഇത് കാണാനെത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിക്കും. കോലം കെട്ടി വ്യത്യസ്‌ത നൃത്ത ചുവടുകളുമായെത്തുന്ന കോലങ്ങള്‍ ഏറെ നേരം കാവുകളില്‍ വിസ്‌മയ കാഴ്‌ചയാകും. തിറയാട്ടത്തിന് പിന്നാലെ കാവുകളുടെ തിരുമുറ്റത്തെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം നടത്തിയാണ് കോലങ്ങള്‍ മടങ്ങുക.

ABOUT THE AUTHOR

...view details