കോഴിക്കോട്:സ്വന്തം വീട്ടിൽ പ്രൊഫഷണൽ സ്റ്റൈലിൽ കവര്‍ച്ച നടത്തിയ യുവാവ് ഒടുവിൽ പൊലീസിന്‍റെ പിടിയില്‍. പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷിനെയാണ് (30) മാവൂർ പൊലീസ് പിടികൂടിയത്. ഇരുപതിനായിരം രൂപയാണ് ഇയാള്‍ വീട്ടില്‍ നിന്നും മോഷ്‌ടിച്ചത്.
'പ്രൊഫഷണൽ സ്റ്റൈല്‍' മോഷണം: സ്ഥിരം മോഷ്‌ടാക്കൾ സ്വീകരിക്കുന്ന കവര്‍ച്ചാരീതിയാണ് സനീഷ് പ്രയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. വീടിന്‍റെ പുറകിലെ പൂട്ട് തകര്‍ത്ത് അകത്ത് കയറി. മുറികളിലെ അലമാരകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ കൈക്കലാക്കി.
പിന്നീട്, മുറികളില്‍ മുളക് പൊടി വിതറി. വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി. പ്രൊഫഷണല്‍ കള്ളന്‍മാരാണ് മോഷണത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സനീഷിന്‍റെ ശ്രമം. പകല്‍ സമയത്ത് തൊട്ടടുത്ത വീട്ടില്‍ നടന്ന മോഷണം അയല്‍ക്കാര്‍ പോലും അറിയാതിരുന്നത് പൊലീസിനെ വട്ടം കറക്കിയിരുന്നു.
'മോഷണം, കടം വീട്ടാന്‍':സംശയം തോന്നിയ പൊലീസ് സനീഷിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്. നേരത്തെ, വീട്ടില്‍ നിന്ന് സനീഷ് മുപ്പതിനായിരം രൂപ മോഷ്‌ടിച്ചിരുന്നു. ഇത് പിടിക്കപ്പെട്ടിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി.
കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സനീഷിന്‍റെ വിശദീകരണം. ബാർബർ ഷോപ്പ് നടത്തുന്ന സനീഷ് മാതാപിതാക്കൾക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കൊപ്പവുമാണ് താമസിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ സനീഷിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചു.