കേരളം

kerala

ETV Bharat / state

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡിനായി പ്രക്ഷോഭം ശക്തമാക്കാന്‍ ജനകീയ സമരസമിതി - ബദൽ റോഡിനായി ജനകീയ പ്രക്ഷോഭം

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ 1994ല്‍ ആണ് വയനാട് ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ തറക്കല്ലിട്ടത്.

puzhithod alternative road  puzhithod padinjarathara alternative road  puzhithod padinjarathara strike committee  Alternative road issue  kozhikode news  kozhikode latest news  പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ്  പൂഴിത്തോട് പടിഞ്ഞാറത്തറ  ജനകീയ സമരസമിതി  കെ കരുണാകരന്‍  ജനകീയ പ്രക്ഷോഭം  ബദൽ റോഡിനായി ജനകീയ പ്രക്ഷോഭം  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി
Strike For Alternative road

By

Published : Feb 18, 2023, 11:54 AM IST

Updated : Feb 18, 2023, 3:40 PM IST

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡിനായി പ്രക്ഷോഭം ശക്തമാക്കുന്നു

കോഴിക്കോട്: വയനാട് ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട്‌ പടിഞ്ഞാറത്തറ ബദൽ റോഡിനായി ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒപ്പുശേഖരണം നടത്താന്‍ വേണ്ടി കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്.

ജനുവരി ഒന്ന് മുതല്‍ വയനാട് പടിഞ്ഞാറത്തറയില്‍ സമരപ്പന്തലൊരുക്കി അനിശ്ചിതകാല റിലേ സത്യാഗ്രവവും സമരസമിതി ആരംഭിച്ചിരുന്നു. അതേസമയം ബദൽ റോഡ് പൂർത്തിയാക്കണം എന്ന ആവശ്യം ഉന്നയിച്ച് പൂഴിത്തോട് നിവാസികള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

1994 സെപ്റ്റംബർ 23ന് മുൻ‌ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ട പാതയുടെ 14.285 കിലോമീറ്റർ റോഡിന്‍റെ പണി പൂർത്തീകരിച്ചിരുന്നു. 9.60 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ജില്ലയിൽ പൂഴിത്തോട് പനയ്ക്കംകടവ് വരെയും വയനാട് ജില്ലയിൽ കുറ്റിയാംവയൽ വരെയുമുള്ള റോഡിന്‍റെ ടാറിങാണ് പൂർത്തീകരിച്ചത്. വനത്തിലൂടെ കേവലം 13 കിലോമീറ്റർ ദൂരം മാത്രമാണ് റോഡുകൾ തമ്മിൽ കൂട്ടിമുട്ടാനുള്ളത്.

നിര്‍മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ചുപോയ ബദല്‍ പാതകളില്‍ പ്രഥമ പരിഗണന ലഭിച്ച റോഡാണിത്. 60 ശതമാനത്തിലധികം പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഫണ്ട് സർക്കാർ മുൻ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികളുണ്ടായില്ല.

ചുരം ആവശ്യമില്ലാത്ത റോഡുകൂടിയാണ് ഇത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാമൂഴിയേയും ബാണാസുര സാഗറിനെയും കടന്നാണ് ഈ പാത പോകുന്നത്.

ആകെ 27.225 കിലോമീറ്റര്‍ ദൂരമാണ് പാതയ്‌ക്കുള്ളത്. ഇതില്‍ 12.940 കിലോമീറ്ററും വനത്തിനുള്ളിലൂടെയാണ് കടന്ന് പോകുന്നത്. വനത്തിനുള്ളിലൂടെ പന്ത്രണ്ടര കിലോമീറ്റര്‍ റോഡ് വെട്ടുമ്പോള്‍ വനഭൂമിയില്‍ 52 ഏക്കര്‍ നഷ്‌ടപ്പെടുമെന്നാണ് കണക്ക്.

ഇതിന് പകരമായി തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ നിന്ന് 33 ഏക്കര്‍ റവന്യൂ ഭൂമി വനം വകുപ്പിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈമാറിയിരുന്നു. വൈത്തിരി സ്വദേശികളായ എം.കോയ കുട്ടി, കെ.കെ.മമ്മു ഹാജി എന്നിവര്‍ ഇതേ ആവശ്യത്തിന് 10 ഏക്കര്‍ വീതം ഭൂമി സൗജന്യമായി വിട്ടുനല്‍കിയിരുന്നു.

വനത്തിനുള്ളിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കുന്നത് പോലെ വന നിയമങ്ങളില്‍ ഇളവ് നല്‍കി പാതയൊരുക്കുന്നതിനുള്ള സാങ്കേതിക അനുമതി ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തടസവാദങ്ങളാണ് ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത്.

വലിയ കയറ്റം, ചുരം, വളവ് എന്നിവ ഇല്ലാതെ ബദൽ പാത യാഥാർഥ്യമാക്കാൻ കഴിയുമെന്നതാണ് ഈ റൂട്ടിന്‍റെ പ്രധാന സവിശേഷത. മറ്റ് ബദല്‍ പാതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുരുങ്ങിയ ചെലവില്‍ ഇതിന്‍റെ പ്രവൃത്തി പൂർത്തിയാക്കാനും സാധിക്കും. ദേശീയ പാതയിൽ രാത്രി യാത്ര വിലക്ക് നിലനിൽക്കുന്നതിനാൽ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റൂട്ടായി ഈ പാത മാറാനും സാധ്യത ഉണ്ട്.

പൂഴിത്തോട്-പടിഞ്ഞാറത്തറ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ വഴി ബെംഗളുരുവിലേക്ക് പുതിയ പാത തുറക്കാനും കഴിയും. എംപിമാരായ രാഹുൽ ഗാന്ധി, കെ മുരളീധരൻ എന്നിവർ വഴി കേന്ദ്ര സർക്കാരിന് നിവേദനം നൽകിയ നാട്ടുകാരുടെ അടുത്ത പ്രതീക്ഷ പിടി ഉഷയിലാണ്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവൃത്തി ആയതിനാൽ റോഡ് അനുമതിക്ക് കേന്ദ്ര സർക്കാരിനോട് സംസ്ഥാന ഗവൺമെന്‍റ് ആവശ്യപ്പെടണം എന്നതും മുഖ്യമാണ്.

എന്നാൽ ഭീമമായ ചെലവ് വരുന്ന തുരങ്ക പാതയിലുള്ള സർക്കാർ താത്‌പര്യം അഴിമതി നടത്താനാണെന്നാണ് സമര സമിതിയുടെ ആരോപണം. ഒപ്പം മല തുരക്കുമ്പോൾ പുറന്തള്ളുന്ന മാലിന്യം പ്രകൃതിക്ക് വലിയ ഭീഷണിയാകുമെന്നും പ്രകൃതി സ്നേഹികൾ മുന്നറിയിപ്പ് നൽകുന്നു.

Last Updated : Feb 18, 2023, 3:40 PM IST

ABOUT THE AUTHOR

...view details