കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ വ്യാപനം നിയന്ത്രിക്കാനുള്ള വിവിധ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ദൈനംദിന ജീവിതത്തിന് തടസമാകാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കണ്ടെയ്ൻമെന്‍റ് സോണുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രൻ
ദൈനംദിന ജീവിതത്തിന് തടസമാകാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു
"രണ്ടാഴ്ച്ച കാലം രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിൽ മറ്റ് സാമുദായിക സാംസ്കാരിക സംഘടനകളും സ്വയം തീരുമാനിക്കണം. ഒരാഴ്ച്ചക്കാലം കൂടി നിരീക്ഷിക്കും. വ്യാപനം തീവ്രമാണെങ്കിൽ നടപടി സ്വീകരിക്കും. നിയന്ത്രണത്തിനതീതമായി കാര്യങ്ങൾ പോയാൽ ഉചിതമായ നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കും. തൊഴിൽ സ്ഥാപനങ്ങളിൽ ചെന്ന് മൊബൈൽ യൂണിറ്റ് വഴി ടെസ്റ്റ് വർധിപ്പിക്കും. ജില്ലയിൽ ഒരാഴ്ച്ചത്തേക്കുള്ള വാക്സിനേഷൻ ലഭ്യമാണ്. " മന്ത്രി പറഞ്ഞു.
ആശുപത്രികൾ സജ്ജമാണെന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസുകൾ ഒഴികെയുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.