കോഴിക്കോട്: അഞ്ചര മില്ലി മീറ്റര്‍ വീതിയിലും ആറ് മില്ലി മീറ്റര്‍ നീളത്തിലുമൊരു ഗാന്ധിച്ചിത്രം...! സങ്കല്‍പ്പിക്കാന്‍ പോലും അല്‍പം ബുദ്ധിമുട്ടാണെങ്കിലും സംഗതി സത്യമാണ്. ഇത്തരത്തില്‍ 'മൈക്രോ ഡ്രോയിങ്' ചിത്രം വരച്ചെന്ന് മാത്രമല്ല, അതിലൂടെ നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് വടകര വൈക്കിലശ്ശേരി സ്വദേശി എ.ടി.കെ അനുരൂപ്.
കുഞ്ഞന്‍ ഗാന്ധിച്ചിത്രം വരച്ച് റെക്കോഡുകള്‍ വാരിക്കൂട്ടി വടകര സ്വദേശിയായ 22 കാരന്‍ ഒരു പെന്‍സില്‍ മുനയോളം വലിപ്പത്തില്‍ വരച്ച മഹാത്മാഗാന്ധിയുടെ ഈ ചിത്രത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ‍്‌സ് എന്നിവയിലാണ് ഇടം നേടിയത്. ആക്കൂൽ താഴെ കുനി, വൈക്കിലശ്ശേരിയിലെ കൂലിപ്പണിക്കാരനായ ഗോപിയുടെയും അജിതയുടെയും മകനാണ് ഈ 22 കാരന്‍.
യു.പി സ്‌കൂൾ കാലഘട്ടം മുതൽ തന്നെ ചിത്രം വരയ്‌ക്കാൻ താത്‌പര്യം ഉണ്ടായിരുന്ന അനുരൂപ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയാണ് ചിത്രരചനയുടെ പാഠങ്ങള്‍ അഭ്യസിച്ചത്. പെൻസില്‍ രചനാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള അനുരൂപിന് സുഹൃത്തുക്കളില്‍ നിന്ന് ഉള്‍പ്പെടെ നല്ല പിന്തുണയാണ് ലഭിച്ചത്. ഇതോടെ, ചിത്രരചന രംഗത്ത് കൂടുതല്‍ സജീവമാവുകയായിരുന്നു. പിന്നീട് ചെറിയൊരു വരുമാന മാർഗമായും മാറി.
ഇതിനിടെയാണ് ചിത്രരചന ലോകത്ത് തന്നെ അല്‍പം വേറിട്ട രീതിയായ 'മൈക്രോ ഡ്രോയിങ്' പരിശീലിച്ചത്. ഏഴ് മില്ലി മീറ്റര്‍ വീതിയും ആറ് മില്ലി മീറ്റര്‍ നീളവുമുള്ളതായിരുന്നു ഇതുവരെയുള്ള ഏറ്റവും ചെറിയ ഗാന്ധിച്ചിത്രം. മള്‍ട്ടി മീഡിയ ഡിസൈന്‍ വിദ്യാര്‍ഥിയായ അനുരൂപ് ചിത്രരചനയില്‍ കൂടുതല്‍ വ്യത്യസ്‌തതകള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.