ബാലുശേരിയിലെ ശ്രീ ശാസ്‌ത്ര കളരി കോഴിക്കോട്: പാടിക്കേട്ട ഉണ്ണിയാർച്ചയുടെ വീരകഥകൾക്ക് പുതു ചരിത്രം തീർത്ത് ഒരമ്മയും മകളും. ബാലുശ്ശേരിയിലെ ഹേമലത ഗുരുക്കളും മകൾ അഞ്‌ജുഷയും ആയോധനമുറകളിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. വടക്കൻ നാട്ടിൽ വിറോടെ പൊരുതുന്ന ഈ അംഗനമാർ തെക്കൻ ശൈലിയാണ് പയറ്റുന്നത്. കൊച്ചു കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ ബാലുശേരി മുക്കിലെ ശ്രീ ശാസ്‌ത്ര കളരിയിൽ അങ്കം കുറിയ്‌ക്കാൻ എത്തുന്നുണ്ട്.
കളരിമുറയ്‌ക്ക് പുറമെ ഗുസ്‌തി, പഞ്ചഗുസ്‌തി, ജൂഡോ എന്നീ കായിക ഇനങ്ങളിലും ഇവർ പരിശീലനം നൽകുന്നു. ഒപ്പം കളരി മർമ ചികിത്സയും പരിശീലിപ്പിക്കുന്നുണ്ട്. ഉള്ളിയേരി തെരുവത്ത് കടവ് സ്വദേശിയാണ് ഹേമലത. താഴത്തയില്‍ വേലായുധന്‍റെയും യശോദയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവള്‍.
അച്ഛനും അച്ഛച്ചനുമെല്ലാം പേരുകേട്ട അഭ്യാസികളായിരുന്നു. ഇവരുടെ കീഴിൽ ആറാം വയസില്‍ കളരിയിൽ ചുവട് വച്ചതാണ് ഹേമലത. പെണ്‍കുട്ടികള്‍ കളരി മുറ്റത്ത് ഇറങ്ങുമെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ കച്ച മുറുക്കാൻ തയ്യാറാവാത്ത കാലം. എന്നാൽ ഹേമലത ആ പതിവ് തെറ്റിച്ചു.
ചേളന്നൂർ സുരേന്ദ്രന്‍ ഗുരുക്കളുമായുള്ള കല്യാണത്തിന് ശേഷവും അഭ്യാസങ്ങള്‍ തുടര്‍ന്നു. ഭർത്താവിൽ നിന്ന് ലഭിച്ച പ്രചോദനത്തിൽ അവർ ചുവടുകൾ തെറ്റാതെ പയറ്റി. കളരിയില്‍ മാത്രമല്ല ഗുസ്‌തിയിലും പഞ്ചഗുസ്‌തിയിലും ജൂഡോയിലുമെല്ലാം ഇരുവരും ഒരുമിച്ച് മുന്നേറി.
പക്ഷേ 2003ൽ ആ മുന്നേറ്റത്തിന് കണ്ണീർ വീണു. ഭര്‍ത്താവ് സുരേന്ദ്രന്‍ ഒരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. അതിന്‍റെ ആഘാതം രണ്ട് വര്‍ഷത്തോളം ഹേമലതയെ തളര്‍ത്തി. എന്നാൽ അങ്ങനെ തളര്‍ന്നിരിക്കാന്‍ ഹേമലതയിലെ 'ആർച്ചക്ക്' കഴിയുമായിരുന്നില്ല. ബാലുശേരി മുക്കിലെ ശ്രീ ശാസ്‌ത്ര കളരി ഹേമലത ഏറ്റെടുത്തു.
അഭ്യാസമുറകൾക്ക് വീണ്ടും ജീവൻ നൽകി. കുട്ടികളെ വളര്‍ത്തി വലുതാക്കി. ചെറുപ്പം മുതല്‍ കളരി പരിശീലിച്ച് വളര്‍ന്ന അഞ്‌ജുഷയും ഷനുത്തും അമ്മക്കൊപ്പം ഇന്നും അങ്കത്തട്ടിലുണ്ട്. ഒപ്പം കളരി ചികിത്സ രംഗത്തും ഇവർ പ്രാവീണ്യം നേടിക്കഴിഞ്ഞു. വിവാഹ ശേഷവും അഞ്‌ജുഷ കളരി മുറ്റത്ത് തുടരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
പേരക്കുട്ടികളും ചുവടുറപ്പിക്കാൻ തുടങ്ങിയതോടെ കളരി പാരമ്പര്യം കൈവിടാതെ മുന്നേറുന്നതിൻ്റെ സന്തോഷത്തിലാണ് ഹേമലത. ഒപ്പം ദേശീയ തലത്തിൽ വരെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായിട്ടുണ്ട് അമ്മയും മക്കളും ശിഷ്യ ഗണങ്ങളും. ഇന്നിവിടെ ലിംഗ വ്യത്യാസം ഇല്ലാതെ നൂറിലേറെ പേർ ആയോധനകലകൾ അഭ്യസിപ്പിക്കുന്നുണ്ട്.
കടത്തനാടൻ വടക്കൻ ശൈലിയിലും തെക്കൻ ശൈലിയിലും ഒരുപോലെ പരിജ്ഞാനം നേടിയിട്ടുണ്ടെങ്കിലും തെക്കൻ ശൈലിയാണ് ഹേമലത പിന്തുടരുന്നത്. ഇവ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല എന്നും ഹേമലത പറയുന്നു. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ അവർ മാനസികമായും ശാരീരികമായും കരുത്ത് നേടേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ സ്‌ത്രീകളും പെൺകുട്ടികളും കൂടുതലായി അയോധന കലകളിലേക്ക് കടന്നുവരുന്നുണ്ട്. ഇത് കാലത്തിന്‍റെ ആവശ്യകതയാകുമ്പോൾ സ്‌കൂൾ തലത്തിൽ തന്നെ ആയോധന മുറകൾ പാഠ്യവിഷയമാക്കണം എന്നാണ് ഈ കളരിയും ഒരേ സ്വരത്തിൽ പറയുന്നത്.