കോഴിക്കോട്:നാട്ടുവൈദ്യന് ഷാബ ഷരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ അബുദബിയിലെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പോസ്റ്റ്മോട്ടം നടക്കുന്നത്. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ അബുദബിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്മോട്ടം ചെയ്യാന്‍ കോടതി നിര്‍ദേശം.
നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാം, കോഴിക്കോട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ശ്രീകുമാര്‍, കോഴിക്കോട് ഫോറന്‍സിക് സര്ജന് ലിസ, മലപ്പുറം ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. 2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, ഇയാളുടെ മാനേജര്‍ ചാലക്കുടി സ്വദേശിനി ഡാന്‍സി ആന്റണി എന്നിവരെ അബുദബിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അബുദബി പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് കാണിച്ച് ബന്ധുക്കള്‍ പാരാതി നല്കി.
ഹാരിസിനെ കൊല്ലാന്‍ ക്വട്ടേഷന്‍: ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും ക്വട്ടേഷന്‍ സംഘത്തെ അബുദബിയിലെത്തിച്ചതും ഷൈബിന് അഷ്റഫാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമാമയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന് അഷ്റഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തിലായിരുന്നു ഷൈബിന് അഷറഫെന്നും ഇതേ തുടര്‍ന്ന് ഹാരിസിനെയും ഡാന്‍സിയേയും കൊലപ്പെടുത്താന്‍ ഷൈബിന് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹാരിസിന്റെ കൊലപാത കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.