കോഴിക്കോട് :യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്‌കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്‌ച (30.07.22) പരിഗണിക്കും. കോഴിക്കോട് ജില്ല കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്‌ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.
ദളിത് സംഘടനകൾ ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലുളള വീട്ടിലേക്ക് പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത സിവിക് ചന്ദ്രൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. വിഷയം സങ്കീർണമായതോടെയാണ് മുൻകൂർ ജാമ്യത്തിന് സിവിക് ചന്ദ്രൻ ശ്രമം ആരംഭിച്ചത്.
ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ ജൂലൈ 15നാണ് കേസ് എടുത്തത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.