കോഴിക്കോട്:ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയില്‍ ഉൾപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ ഐപിഎസിന്‍റെ നിർദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു.
മോഷണ സംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാകാവത്തവർ ആണെന്ന് മനസിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. കുട്ടികളെ ചോദ്യം ചെയ്‌തതിൽ പ്രധാനമായും സ്പ്ലെൻഡർ ബൈക്കുകളായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത് എന്ന് സമ്മതിച്ചു.
ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനും ആർഭാടജീവിതത്തിനും പണം കണ്ടെത്താനുമാണ് തങ്ങൾ മോഷണം നടത്തുന്നത് എന്ന് പൊലീസിനോട് കുട്ടികൾ പറഞ്ഞു. മോഷ്‌ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ വക്കുകയുമാണ് ചെയ്യാറെന്നും മോഷ്‌ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കുകയും കുറച്ചു കാലം ഓടിച്ച ശേഷം കുറഞ്ഞ വിലക്ക് മറ്റുള്ളവർക്ക് വിൽക്കാറുണ്ടെന്നും ഇവർ പൊലീസിനെ അറിയിച്ചു.
നടക്കാവ്, ബേപ്പൂർ ടൗൺ, വെള്ളയിൽ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ നിരവധി വാഹനങ്ങൾ പൊലീസ് കണ്ടെടുക്കുകയും മറ്റുള്ളവയെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇതിലൊരു വാഹനം പൊളിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വീട്ടിൽ വച്ചാണ്. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങി മോഷ്‌ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡിങ് നടത്തി മറ്റു വാഹനങ്ങൾ മോഷ്‌ടിക്കുകയും പൊലീസിൻ്റെ കണ്ണിൽപ്പെട്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയുമാണ് ചെയ്യാറ്.
കുട്ടി കുറ്റവാളികള്‍ വര്‍ധിക്കുന്നു:സമീപ കാലങ്ങളിലായി കുട്ടികൾ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കളോട് ചോദിച്ചതിൽ കൂടുതൽ കുട്ടികളും വീടുകളിൽ രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരാണെന്നും ചില കുട്ടികൾ കൗൺസിലിങ്ങിന് വിധേയരായി കൊണ്ടിരിക്കുന്നവരുമാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം കുട്ടികളെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ പറഞ്ഞു. മിക്കകുട്ടികളും ലഹരി ഉപയോഗിക്കുന്നവരാണെന്നും രക്ഷിതാക്കളോട് നിരന്തരം കലഹിക്കുന്നവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബേപ്പൂർ പുതിയലത്ത് ക്ഷേത്ര സമീപത്ത് നിർത്തിയിട്ട ബൈക്ക്, ബീച്ചിൽ സീ ക്യൂൻ ഹോട്ടലിനു സമീപം നിർത്തിയിട്ട ബൈക്ക്, ഓപ്പൺ സ്‌റ്റേജിന് സമീപം നിർത്തിയിട്ട ബൈക്ക്, വെസ്‌റ്റ്‌ഹിൽ കനകാലയ ബാങ്കിന് സമീപം നിർത്തിയിട്ട ബൈക്ക്, ഹൈലൈറ്റ് മാളിന് സമീപം നിർത്തിയിട്ട ബൈക്ക് എന്നിവ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്‌ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്