കോഴിക്കോട്:പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ ജനസമ്പർക്ക പരിപാടിക്കിടെ ഫോട്ടോക്ക് പോസ് ചെയ്ത സമസ്‌ത നേതാവിന് സസ്‌പെൻഷൻ. വീടുകയറി പ്രചരണത്തിനിടെ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത നാസർ ഫൈസി കൂടത്തായിയെയാണ് സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയായ നാസർ ഫൈസി കൂടത്തായിയെ തൽസ്ഥാനത്ത് നിന്നും സംഘടനയുടെ മറ്റു ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ഓഫീസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പൗരത്വ നിയമത്തെ അനുകൂലിച്ചെന്ന് ആരോപണം; സമസ്‌ത നേതാവിന് സസ്‌പെൻഷൻ - പൗരത്വ നിയമത്തെ അനുകൂലിച്ചു
തന്‍റെ വീട്ടിലെത്തിയവരോട് ആദിത്യ മര്യാദ കാണിക്കുക മാത്രമാണുണ്ടായതെന്ന് സമസ്‌ത നേതാവിന്‍റെ വിശദീകരണം
കഴിഞ്ഞ ദിവസമാണ് ബിജെപി പ്രാദേശിക നേതാക്കൾ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട് കയറിയുള്ള പ്രചാരണത്തിന് നാസർ ഫൈസിയുടെ വീട്ടിൽ എത്തിയത്. ലഘുലേഖ വിതരണത്തിനും മറ്റുമായി വീട്ടിൽ എത്തിയ നേതാക്കളോട് കുശലം അന്വേഷിച്ച നാസർ ഫൈസി ഇവർക്കൊപ്പം നിന്ന് ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ എടുക്കാൻ അനുമതി നൽകുകയും ചെയ്തു. ഫോട്ടോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സമസ്‌ത നേതാവ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും വ്യാപകമായി. ഇതോടെ സമസ്‌തയുടെ മുഷാവറ കമ്മിറ്റിയിലും വിഷയം ചർച്ചയായി. എന്നാൽ തന്‍റെ വീട്ടിലെത്തിയവരോട് ആദിത്യ മര്യാദ കാണിക്കുക മാത്രമാണുണ്ടായതെന്ന് നാസർ ഫൈസി വിശദീകരിച്ചെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്‌തത് ജാഗ്രതക്കുറവായി കണ്ടാണ് സമസ്‌തയുടെ ഉന്നതാധികാര സമിതി നടപടി സ്വീകരിച്ചത്.