കോഴിക്കോട്:റഷ്യൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. ആൺ സുഹൃത്തിൽ നിന്ന് മാനസികമായും ശാരീരികമായും ഉപദ്രവം ഉണ്ടായെന്നും ജീവനൊടുക്കാനാണ് ശ്രമിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
ആണ്‍സുഹൃത്തിനെ ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട് ആദ്യം ഖത്തറിലെത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലുമെത്തി. ഇയാള്‍ തന്നെ ലഹരി നൽകി ബലമായി പീഡനത്തിനിരയാക്കിയെന്നും പൊലീസിന് മൊഴി നല്‍കി. അതേസമയം സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അപകടം ഇങ്ങനെ:കഴിഞ്ഞദിവസമാണ് കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണത്. ആണ്‍സുഹൃത്തിന്‍റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നായിരുന്നു പ്രാഥമിക വിവരം. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.
നാട്ടുകാർ അപകടവിവരം അറിയിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലീസാണ് ബുധനാഴ്ച രാത്രി ഇവരെ മെഡിക്കൽ കോളജിലെത്തിച്ചത്. യുവതിയുടെ കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ടായിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തതിന് പിന്നാലെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പേരാമ്പ്ര ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാത്രമല്ല കൂരാച്ചുണ്ട് പൊലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മിഷൻ അടിയന്തര റിപ്പോർട്ടും തേടിയിരുന്നു.