മുക്കം : 5 വർഷത്തിനകം സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും 70 ശതമാനം സർവേയെന്നും ഇതിനായി 807 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. തിരുവമ്പാടിയിൽ പട്ടയമേള ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സർവേ നടപടികൾ 5 വർഷത്തിനകം പൂർത്തിയാക്കും : മന്ത്രി കെ രാജൻ - റവന്യു വകുപ്പ് മന്ത്രി കെ. രാജൻ
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും 70 ശതമാനം സർവേ
ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥർ വീടുകളിൽ പോയി നടപടികൾ സ്വീകരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അൺസർവേ വില്ലേജുകളിൽ അതിവേഗ സർവേ നടത്താൻ നടപടി സ്വീകരിക്കും.
റവന്യൂ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്നും അതിനായി സ്‌മാർട്ട് വില്ലേജ് ഓഫീസുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി 1662 വില്ലേജ് ഓഫീസുകളിലും ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവഹിച്ചു.