കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ കൂടുതൽ തെളിവുകൾ ലാന്‍ഡ് ബോര്‍ഡിന് കൈമാറി പരാതിക്കാർ. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ്ങിലാണ് രേഖകള്‍ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്‌മ അറിയിച്ചു.
ഇത് അടക്കം 46.83 ഏക്കർ അധിക ഭൂമി അൻവറിൻ്റെ കൈവശമുണ്ടെന്നാണ് രേഖാമൂലം ലാൻഡ് ബോർഡിന് മുന്നിൽ ലഭിച്ച പരാതിയിൽ പറയുന്നത്. ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതിന് പുറമെയുള്ള മിച്ച ഭൂമിയുടെ രേഖകളാണ് പരാതിക്കാര്‍ നല്‍കിയിട്ടുള്ളത്.
ഭൂമി വിറ്റ് എംഎല്‍എ:എംഎല്‍എക്കെതിരെയുള്ള മിച്ച ഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും അന്‍വറിന്‍റെ ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. ഇത് സംബന്ധിച്ചുള്ള രേഖകളും പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് രേഖകളിൽ സമര്‍പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. മിച്ചഭൂമി കേസ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താമരശേരി ലാന്‍ഡ് ബോര്‍ഡിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പ് അപേക്ഷ നൽകിയിരുന്നു.