കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പൊലീസ് ഇന്നും കോടതിയില്‍ സമര്‍പ്പിച്ചില്ല. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും നിരീക്ഷിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള യുഎപിഎ; കസ്റ്റഡി അപേക്ഷ നല്‍കാതെ പൊലീസ്
നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കസ്റ്റഡിയില്‍ വാങ്ങുന്ന കാലയളവില്‍ ജാമ്യം ലഭിക്കുമോയെന്നതാണ് പൊലീസിനെ കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പൊലീസിന് നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
എന്നാല്‍ നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാലയളവിൽ ജാമ്യം ലഭിക്കുമോ എന്ന ആശങ്കയിലാണ് പൊലീസ്. ഇക്കാരണങ്ങളാണ് കസ്റ്റഡി അപേക്ഷ ധൃതി പിടിച്ച് നൽകുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും പ്രതികളെ ആവശ്യമുള്ള സമയത്ത് കസ്റ്റഡിയിൽ വാങ്ങുമെന്നും കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണർ എ.ജെ. ബാബു വ്യക്തമാക്കി. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ സിപിഎമ്മിനൊപ്പം ചേർന്ന് പൊലീസ് മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇത്ര പ്രാധാന്യമേറിയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസ് എന്തുകൊണ്ടാണ് മടിക്കുന്നതെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്.