കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ ക്വട്ടേഷന്‍ സംഘത്തെ കാക്കൂർ പൊലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി തേൻകുളം വീട്ടിൽ അബുതാഹിർ(29), തലക്കശ്ശേരി മലയൻ ചാത്ത് ഷമീം(30), തലക്കശ്ശേരി തുറക്കൽ വീട്ടിൽ ഷബീർ (36)എന്നിവരെയാണ് ഇന്ന്(23.07.2022) പുലർച്ചെ പാലക്കാട് പടിഞ്ഞാറങ്ങാടി വച്ച് കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടിയത്. 2022 ജനുവരി 28നാണ് എടക്കര സ്വദേശിയായ യുവാവ് യു.എ.ഇ.യിൽ നിന്നും സ്വർണവുമായി മുംബൈ എയർപോർട്ടിൽ ഇറങ്ങിയത്.
എയർപോർട്ടിൽ കാത്തുനിന്ന യഥാർഥ ഉടമസ്ഥന് സ്വർണം നൽകാതെ ഇയാൾ പുറത്തു കടന്നതായി മനസിലാക്കിയ സ്വർണക്കടത്ത് സംഘം യുവാവിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. യുവാവ് നാട്ടിൽ വരാതെ ഒളിച്ചു കഴിയുകയും സംഘത്തിന്‍റെ ഭീഷണി ഭയന്ന് പിന്നീട് ബഹ്‌റിനിലേക്ക് കടക്കുകയും ചെയ്‌തു. പിന്നീട് ഏപ്രിൽ മാസം നാട്ടിലെത്തിയ യുവാവിന്‍റെ വീട്ടിൽ പല തവണ സ്വർണക്കടത്ത് സംഘം എത്തിയെങ്കിലും മുംബൈ എയർപോർട്ടിൽ വച്ച് സ്വർണം ആരോ വാങ്ങിക്കൊണ്ടു പോയതായി യുവാവ് സംഘത്തോട് പറഞ്ഞു.
തുടർന്ന് സ്വർണക്കടത്ത് സംഘത്തിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ ഏപ്രിൽ 28ന് വീട്ടിൽ നിന്നും കടയിലേക്ക് പോകാനിറങ്ങിയ യുവാവിനെ മർദിച്ച് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും യുവാവ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. യുവാവിന്‍റെ സ്‌കൂട്ടറും മൊബൈൽ ഫോണും പ്രതികൾ കൈക്കലാക്കിയിരുന്നു.