കോഴിക്കോട്: സംസ്ഥാനത്തെ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
Aസമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച്: സംഘത്തിന് രാജ്യവ്യാപക ബന്ധമെന്ന് ക്രൈംബ്രാഞ്ച്
കോഴിക്കോട് നിന്നും ബംഗളൂരുവിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുമായും എൻഐഎ ഉദ്യോഗസ്ഥൻ സംസാരിച്ചു. ഈ സംഘം നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കും. ഇതിൻ്റെ ആദ്യപടി എന്ന നിലയിലാണ് ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിച്ചത്.
സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലഫോൺ സംവിധാനം പ്രവർത്തിച്ചത് സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആയിരത്തിലേറെ എക്‌സ്ചേഞ്ചുകൾ ഇതിനായി പ്രവർത്തിച്ചെന്നാണ് കണ്ടെത്തൽ. കേസിലെ മുഖ്യ ആസൂത്രകൻ മലപ്പുറം സ്വദേശി ഇബ്രാഹിമിനെ ചോദ്യം ചെയ്‌തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോകാന്‍ സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തിന് രാജ്യവ്യാപക ബന്ധമുണ്ടെന്നും സമാന്തര എക്‌സ്‌ചേഞ്ചിനുള്ള സിംബോക്‌സുകൾ എത്തിയത് ഹോങ്കോങ്ങിൽ നിന്നാണെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.