കനാല്‍ വെള്ളം കയറി കൃഷി നശിച്ചു: കര്‍ഷകര്‍ ആശങ്കയില്‍
കനാല്‍ വെള്ളം കയറിയതോടെ ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. മുന്നറിയിപ്പില്ലാതെയാണ് കനാല്‍ തുറന്നു വിട്ടതെന്ന് ആരോപണം.
കോഴിക്കോട്: പേരാമ്പ്രയില്‍ പാടശേഖരത്ത് കനാൽ വെള്ളം കയറി. ഏക്കർ കണക്കിന് വരുന്ന നെൽകൃഷിയാണ് കഴിഞ്ഞദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ കനാൽ വെള്ളം തുറന്നു വിട്ടതോടെ നശിച്ചത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിൻ്റെ ഭാഗമായ വല്യക്കോട് കനാലിൽ കൽപ്പത്തൂർ ഭാഗത്തുനിന്നാണ് വെള്ളം കയറിയത്. കൊയ്ത്തിന് പാകമായ നെൽ പാടത്തിലേക്ക് ആണ് വെള്ളം കയറിയത്. ഇതുമൂലം കൊയ്ത്തു നടത്താൻ കഴിയാത്ത അവസ്ഥയാണ്. കൃഷി നഷ്ടത്തിൽ ആയിട്ടും യന്ത്രമുപയോഗിച്ച് നിലമൊരുക്കലും കൊയ്ത്തും മറ്റും നടക്കുന്നത് കൊണ്ടാണ് ഇവിടുത്തുകാർ ഇന്നും കൃഷി തുടർന്നു പോവുന്നത്. പാടത്ത് വെള്ളം കയറിയതോടെ യന്ത്രം ചെളിയിൽ താഴ്ന്നു പോകുന്നത് കൊയ്ത്തിനു തടസമാകുന്നു. പാടശേഖരസമിതി മോട്ടോർ ഉപയോഗിച്ച് വെള്ളം തോട്ടിലേക്ക് ഒഴുക്കി കളഞ്ഞു. കൊയ്ത്തുകാരെ വച്ച് ചില സ്ഥലങ്ങളിൽ ഇന്ന് കൊയ്ത്തും നടത്തി. രാത്രിയോടെ പാടത്ത് മുഴുവനും വെള്ളം കയറി കൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇരുപതോളം കർഷകരുടെ പത്ത് ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്.