കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. മെഡിക്കൽ കോളജ് ഹോസ്റ്റല്‍ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. വിഷയത്തില്‍ വനിത കമ്മിഷന്‍ പരാതി സ്വീകരിച്ചതായും മെഡിക്കല്‍ കോളജ് അധികൃതരോട് വിശദീകരണം തേടിയതായും പി സതീദേവി പറഞ്ഞു.
പി സതീദേവി പ്രതികരിക്കുന്നു പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ച് കണ്ടുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികള്‍ ഇടപെടുന്നത് തെറ്റായ പ്രവണതയാണെന്നും വിഷയത്തില്‍ വനിത കമ്മിഷന്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും സതീദേവി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതര്‍ തന്നെയാണ്.
പുറത്തു നിന്നുള്ളവര്‍ സുരക്ഷ കാര്യങ്ങളില്‍ ഇടപെട്ട് ഹോസ്റ്റലില്‍ കടന്ന് വരുന്നത് തടയാനുള്ള സംവിധാനം വേണം. വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി ലൈബ്രറി അടക്കമുള്ള സൗകര്യം ഉപയോഗിക്കാന്‍ സാധിക്കണം. കോളജിനകത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അവ എല്ലാവര്‍ക്കും ബാധകമാകുന്ന തരത്തില്‍ ഏര്‍പ്പെടുത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി.
കടുത്ത സ്‌ത്രീവിരുദ്ധ നിലപാടുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സംഭവമെന്നും പി സതീദേവി പറഞ്ഞു. സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടുമെന്നും സതീദേവി വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ നിയമലംഘനം നടക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കുമെന്നും ഐസിസി (Internal Complaints committee) നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.