കോഴിക്കോട്: നഗരത്തിലെത്തുന്ന ലോറികള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ഡ്രൈവര്‍മാര്‍. മുപ്പത് വര്‍ഷത്തിന് മുകളിലായുള്ള ലോറി പാര്‍ക്കിങ് സൗകര്യമെന്ന ആവശ്യം അംഗീകരിക്കാതെ അധികൃതര്‍. ഇതര സംസ്ഥാനത്ത് നിന്നുള്‍പ്പടെ ദിവസേന നൂറുക്കണക്കിന് ലോറികളാണ് ചരക്കുമായി നഗരത്തിലെത്തുന്നത്.
കോഴിക്കോട് നഗരത്തില്‍ മുപ്പ്ത് വര്‍ഷമായി ലോറി പാര്‍ക്കിങ് സൗകര്യമില്ല; മുഖം തിരിച്ച് അധികാരികള്‍ നിലവില്‍ സൗത്ത് ബീച്ച് മുതല്‍ നഗരത്തിന്‍റെ പലഭാഗത്തും റോഡരികില്‍ ലോറികളുടെ നീണ്ട നിരയാണ്. ഇത് പ്രദേശവാസികള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും പ്രയാസം സൃഷ്‌ടിക്കുകയാണ്. സൗത്ത് ബീച്ച് പരിസരത്ത് തുറമുഖ വകുപ്പിന്‍റെ സ്ഥലത്ത് പാര്‍ക്കിങ് സൗകര്യമുണ്ടായിരുന്നെങ്കിലും 2019ല്‍ അത് അടച്ചുപ്പൂട്ടിയതോടെ പാര്‍ക്കിങ് പെരുവഴിയിലായി. ഇതോടെ ലോറികള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ റോഡരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പിഴ ഈടാക്കുന്ന അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
നിലവില്‍ കോഴിക്കോട് ടൗണില്‍ ചെറൂട്ടി റോഡിലെ പൊളിമാര്‍ക്കറ്റിന് സമീപം 1968ല്‍ തുറന്നുനല്‍കിയ പേ ലോറി പാര്‍ക്കിങ് സൗകര്യമാണുള്ളത്. ഇവിടെ 35 ലോറികള്‍ക്ക് പോലും സൗകര്യാര്‍ഥം നിര്‍ത്തിയിടാന്‍ സാധിക്കില്ല. 24 മണിക്കൂര്‍ പാര്‍ക്കിങിന് 60 രൂപയാണ് ഈടാക്കുന്നത്.
രാതികാലങ്ങളില്‍ മോഷണവും പതിവ്:എന്നാല്‍, വാഹനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ലോറി ജീവനക്കാര്‍ തന്നെ ഏറ്റെടുക്കണം. കഴിഞ്ഞ ആഴ്‌ച ഇവിടെ നിന്ന് രണ്ട് ബാക്‌ടറിയാണ് മോഷണം പോയത്. രാത്രി കാലങ്ങളില്‍ വെളിച്ചമോ സെക്യൂരിറ്റി ജീവനക്കാരോ ഇവിടെയില്ല.
ജില്ലയില്‍ മാത്രം നാലായിരത്തിന് മുകളില്‍ ലോറികളാണുള്ളത്. നിലവിലെ ചെറൂട്ടി റോഡിലെ പാര്‍ക്കിങ് എവിടെയും എത്തുന്നില്ല. ലോറി സ്റ്റാന്‍റ് എന്ന ആവശ്യം നിരന്തരമുയരുമ്പോഴും പരിഹാരം കാണാതെ നീണ്ടുപോവുകയാണ്.
ലോറി പാര്‍ക്കിങിന് ഏത് സ്ഥലം അനുവദിച്ചാലും അവിടെ പാര്‍ക്ക് ചെയ്യാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുമ്പോഴും സ്ഥലം നല്‍കാന്‍ തയ്യാറാവാതെ തടിയൂരുകയാണ് കോര്‍പ്പറേഷന്‍. ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ പറയുമ്പോഴും എവിടെ പാര്‍ക്ക് ചെയ്യണമെന്ന് വ്യക്തമാക്കുന്നില്ല. ജില്ലയില്‍ മാത്രം നാലായിരത്തിന് മുകളില്‍ ലോറികളുണ്ട്.
കൂടാതെ ദിനംപ്രതി അന്യസംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം നൂറിന് മുകളില്‍ ലോറികള്‍ എത്തുന്നുണ്ട്. ചെറൂട്ടി റോഡിലെ പാര്‍ക്കിങ് സ്ഥലത്ത് 35 ഓളം ലോറികള്‍ക്ക് മാത്രമാണ് പാര്‍ക്കിങ് സൗകര്യമുള്ളത്. എന്നാല്‍ ഇവിടെ പാര്‍ക്കിങിന് 60 രൂപ ഈടാക്കുമ്പോഴും സുരക്ഷ ഉറപ്പുനല്‍കാന്‍ തയ്യാറല്ല.
രാത്രികാലങ്ങളില്‍ സുരക്ഷാജീവനക്കാരോ വെളിച്ചമോ ഇവിടെയില്ല. പാര്‍ക്കിങ് സൗകര്യം നല്‍കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ലോറി ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി യൂണിയന്‍ സെക്രട്ടറി എം. റഷീദ് പറയുന്നു. എന്നാല്‍, 50ഓളം ലോറികള്‍ക്ക് ചെറൂട്ടി റോഡിലെ സ്ഥലത്ത് പാര്‍ക്ക് ചെയ്യാമെന്നും മൂന്ന് ക്യാമറകള്‍ ഇവിടെയുണ്ടെന്നും 24 മണിക്കൂറും സുരക്ഷ ഉറപ്പുനല്‍കുന്നതായും ലോറിസ്റ്റാന്‍റിലെ കരാര്‍ ജീവനക്കാര്‍ പറയുന്നു.