കോഴിക്കോട്:നിപ ബാധിച്ച് രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശിയുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ഇയാൾക്ക് രോഗലക്ഷണം തുടങ്ങിയത്. അന്ന് ഇയാൾ ബന്ധുവീട് സന്ദർശിച്ചിരുന്നു. തൊട്ടടുത്ത രണ്ട് ദിവസവും ബന്ധു വീടുകളിൽ എത്തിയ ഇയാൾ ഏഴാം തിയതി റൂബിയാൻ സൂപ്പർ മാർക്കറ്റിലും എത്തി.
എട്ടാം തിയതി ആയഞ്ചേരി എഫ്.എച്ച്.സി യിൽ ചികിത്സ തേടി. അന്ന് തന്നെ തട്ടാൻകോഡ് മസ്‌ജിദിലും കോഴിക്കോട് ഇഖ്റയിലും ഇയാൾ എത്തിയിരുന്നു. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്‍റെ ക്ലിനിക്കിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.
ഇന്നലെയാണ് നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയായ 40കാരന്‍റെ മൃതദേഹം സംസ്‌കരിച്ചത്. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടന്നത്. പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഓഗസ്റ്റ് 30ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇയാൾക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിരുന്നു (Nipah cases Kozhikode)