കോഴിക്കോട്: എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത' വനിത കമ്മിഷന് നൽകിയ ലൈംഗിക അധിക്ഷേപ പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് മുസ്ലിം ലീഗിന്‍റെ അന്ത്യശാസനം. ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കുള്ളിൽ കമ്മിഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഹരിതയെ അറിയിച്ചു.
എം.എസ്.എഫ് നേതൃത്വം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിതയുടെ പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്നും എന്നാൽ അതിന് മുൻപായി വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നുമാണ് ലീഗ് നേതൃത്വത്തിന്‍റെ നിര്‍ദേശം. പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി എം.എസ്.എഫിലെ പത്ത് വനിത നേതാക്കളാണ് വനിത കമ്മിഷനിൽ പരാതി നൽകിയത്. കമ്മിഷന്‍ പരാതി കോഴിക്കോട് സിറ്റി പൊലീസിന് കൈമാറുകയും അവര്‍ മൊഴിയെടുക്കുകയും ചെയ്തു. പൊലീസിന് നൽകിയ മൊഴിയിലും സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഹരിത പ്രവർത്തകർ ഉറച്ച് നിൽക്കുകയാണ്.