കോഴിക്കോട് :ഏക സിവിൽ കോഡിനെതിരെ (uniform civil code) സിപിഎം (CPM) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ് വിഭാഗവും പങ്കെടുക്കും. കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുള്ളക്കോയ മദനിയാണ് സെമിനാറിൽ പങ്കെടുക്കുക. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ നേരിട്ടെത്തിയാണ് മദനിയെ സെമിനാറിലേക്ക് ക്ഷണിച്ചത്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ കൂട്ടായ നീക്കം ആവശ്യമായതുകൊണ്ട് തന്നെ സിപിഎം ക്ഷണം സ്വീകരിക്കാൻ കെഎൻഎം തീരുമാനിച്ചു. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണ്. അവർക്ക് അവരുടേതായ തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. മത സംഘടന എന്ന നിലയിൽ കെഎൻഎമ്മിന് ആരുമായും സഹകരിക്കാമെന്നും അബ്‌ദുള്ളക്കോയ മദനി അറിയിച്ചു.
അതേസമയം, ലീഗിനെ പിന്തുണക്കുന്ന സമസ്‌ത ഇ കെ വിഭാഗത്തിന് പുറമെ മുജാഹിദ് വിഭാഗവും സിപിഎം സെമിനാറിൽ പങ്കെടുക്കാൻ തയ്യാറായത് മുസ്ലീം ലീഗിന് രാഷ്ട്രീയമായി തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് ലീഗിന്‍റെ നിലപാട്. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങൾ കോൺഗ്രസ് ഗൗരവത്തോടെ കാണണമെന്നാണ് ലീഗ് ഉന്നയിക്കുന്ന ആവശ്യം.
ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ ഇത് വ്യക്തമാക്കിയത്. സെമിനാറില്‍ സമസ്‌ത പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ആ സംഘടനയ്‌ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.