കോഴിക്കോട് : അപകീർത്തി കേസിൻ്റെ വിധി രാഹുൽ ഗാന്ധിയെ കരുത്തനാക്കി എന്നതാണ് പൊതുവിലയിരുത്തൽ. പ്രധാനമന്ത്രിക്കെതിരെ ശബ്‌ദിച്ചതിൻ്റെ പേരിൽ ഒന്നുമല്ലാതാക്കാൻ ശ്രമിച്ച രാഹുൽ പ്രതിപക്ഷ നിരയിൽ ഒന്നാമനാകുന്നു. നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ച രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി ഒരുപാട് പഴി കേട്ടു, പരാജയപ്പെട്ടു. ഒടുവിൽ കരുത്ത് പ്രാപിക്കാൻ മോദി തന്നെ കാരണക്കാരനായി എന്ന് പറയാം.
ഭാരത് ജോഡോ യാത്രയോടെ ജനപ്രീതി വർധിപ്പിച്ച രാഹുലിന് അയോഗ്യത വന്നത് കോൺഗ്രസ് പ്രസ്ഥാനത്തെ തെല്ലൊന്നുമല്ല തളർത്തിയത്. എന്നാൽ കർണാടകയിലെ തിരിച്ചുവരവ് ഊർജ്ജം നൽകി. പിന്നാലെ രൂപീകരിച്ച 'ഇന്ത്യ'ക്ക് കരുത്തേകാൻ രാഹുൽ കൂടി സർവ്വ സജ്ജനാകുന്നു. ബിജെപി വടി കൊടുത്ത് വാങ്ങിയ അടിയായി സുപ്രീം കോടതി വിധിയെ വിലയിരുത്താം.
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിഞ്ഞ് കിടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിന് ഇത് വലിയ ആശ്വാസമാണ്. ജന്മനാട്ടിൽ അടിതെറ്റും എന്ന് മനസിലാക്കിയതോടെ ആയിരിക്കാം വയനാട്ടിലും രാഹുൽ കളത്തിലിറങ്ങിയത്. അത് കേരളത്തിലെ ജനവിധിയിൽ കോൺഗ്രസ് അനുകൂല തരംഗം സൃഷ്‌ടിക്കുന്നതിലും വലിയ ഊർജം പകർന്നു.
എന്നാൽ അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം വിധിക്കപ്പെട്ടതോടെ എംപി സ്ഥാനം നഷ്‌ടമായി. പരമാവധി ശിക്ഷ സ്റ്റേ ചെയ്‌തതോടെ എംപി സ്ഥാനം തിരികെ കിട്ടാൻ പോകുകയാണ്. അയോഗ്യത നീക്കി ലോക്‌സഭ സെക്രട്ടേറിയേറ്റ് ഉത്തരവ് ഇറക്കിയാൽ രാഹുൽ വീണ്ടും വയനാടിൻ്റെ പ്രതിനിധിയാകും.
വയനാടിൽ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രതീതി സൃഷ്‌ടിച്ച് കൊണ്ട് മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോഴിക്കോട് കലക്‌ട്‌റേറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീനുകളിൽ പരിശോധനയും മോക് പോളിങും നടത്തിയത്.