കോഴിക്കോട്:ആര് അനുമതി നൽകിയില്ലെങ്കിലും പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തുമെന്ന് എംകെ രാഘവൻ എംപി. റാലിയില്‍ ശശി തരൂര്‍ എംപിയെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംകെ രാഘവന്‍ എംപി. നവംബര്‍ 23ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് എംപി പ്രതികരണവുമായെത്തിയത്.
ഞങ്ങള്‍ റാലിയായിട്ട് മുന്നോട്ട് പോകും. അതില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പ്രത്യേകിച്ചും പലസ്‌തീന്‍ വിഷയമായത് കൊണ്ട് അതില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംപി പറഞ്ഞു. പലസ്‌തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എക്കാലവും എടുത്ത നിലപാടുമായി മുന്നോട്ട് പോകും. ആര് തടുത്താലും ആര് നിഷേധിച്ചാലും റാലി റാലിയായിട്ട് തന്നെ നടത്താനാണ് തീരുമാനമെന്നും അതുമായി മുന്നോട്ട് പോകുമെന്നും എംപി വ്യക്തമാക്കി.
ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന പരിപാടിക്കാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. നവകേരള സദസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബര്‍ 25നാണ് കടപ്പുറത്ത് നവകേരള സദസ് നടക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയാണ് നവകേരള സദസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാന്‍ ജില്ല ഭരണകൂടം അനുമതി നല്‍കാതിരുന്നത്.