കേരളം

kerala

ETV Bharat / state

'പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറി'; രൂക്ഷ വിമര്‍ശനവുമായി എം കെ മുനീർ - വി ശിവന്‍കുട്ടി

മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എം എസ് എഫ് നേതാക്കളെ കൈവിലങ്ങ് വച്ച് നടത്തിച്ചത് അനീതിയാണെന്നും എം കെ മുനീർ മാധ്യമങ്ങളോട്.

muneer byte  mk muneer on MSF leaders arrest  mk muneer  mk muneer against kerala police  mk muneer against pinarayi vijayan  mk muneer muslim league  minister v sivankutty
എം കെ മുനീർ

By

Published : Jun 26, 2023, 1:03 PM IST

എം കെ മുനീർ മാധ്യമങ്ങളോട്

കോഴിക്കോട് : കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എം എസ് എഫ് നേതാക്കളെ അറസ്റ്റ് ചെയ്‌ത് വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. കടുത്ത അനീതിയാണ് ഇതെന്നും ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട വിഷയമാണിതെന്നും മുനീർ പ്രതികരിച്ചു. പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറിയെന്ന് എം കെ മുനീർ വിമർശിച്ചു.

എസ് എഫ് ഐ പ്രവർത്തകർ എന്ത് ചെയ്‌താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്‌ത വിദ്യാർഥികളെ കൊണ്ടുപോകുന്നത്. പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണെന്നും എം കെ മുനീർ പറഞ്ഞു.

നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ച് അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി. ഇത് കയ്യും കെട്ടി നോക്കിയിരിക്കാൻ ജനാധിപത്യ ശക്തികൾക്ക് കഴിയില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. പൊലീസുകാർ കുറിച്ച് വച്ചോട്ടെ, പണി എടുക്കാൻ അറിയില്ലെങ്കിൽ അത് അറിയിച്ച് കൊടുക്കാമെന്നും എം കെ മുനീർ രൂക്ഷവിമർശനം ഉന്നയിച്ചു.

വിദ്യാർഥികൾ ചെയ്‌ത ക്രിമിനൽ കുറ്റം എന്താണ് എന്ന് പിണറായിയുടെ പൊലീസ് പറയണം. കൊലക്കുറ്റം ചെയ്‌തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ? കേരളത്തിൽ സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുളളവർക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എം എസ് എഫ് വിദ്യാർഥി സംഘടന നേതാക്കൾ പ്രതിഷേധിച്ചത്. അവരെ വിലങ്ങ് വച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും എം കെ മുനീര്‍ അറിയിച്ചു.

പ്ലസ് ടു സീറ്റ് വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയെ എം എസ് എഫ് കരിങ്കൊടി കാണിക്കാൻ തീരുമാനിച്ചത്. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രി എത്തുന്നതിന്‍റെ തൊട്ടുമുമ്പാണ് റോഡരികില്‍ വച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ല കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയത്.

ഇവര്‍ക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു പേരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുൻകരുതലായി വിലങ്ങ് അണിയിച്ചതെന്നാണ് പൊലീസ് വിശദീകരണം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി, വിദ്യാഭ്യാസ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ജൂൺ 12നും പ്രതിഷേധം നടന്നിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ പേരാമ്പ്രയിൽ മന്ത്രിയുടെ വാഹന വ്യൂഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം അഫ്‌നാൻ അടക്കമുള്ള പ്രവർത്തകരെ വേളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

More read :പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവന്‍കുട്ടിയുടെ വാഹന വ്യൂഹത്തിന് മുന്നില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

ABOUT THE AUTHOR

...view details