കോഴിക്കോട്:അഞ്ച് പുതിയ ഐസ്‌ക്രീമുകള്‍ കൂടി പുറത്തിറക്കി മില്‍മ. ടോറ ടോറ, ഫ്രൂട്ട് ആന്‍ഡ് നട്ട്, സ്‌പിന്‍ പൈന്‍, പാഷന്‍ ഫ്രൂട്ട്, ഗുവ എന്നിങ്ങനെയുള്ളവയാണ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കോഴിക്കോട് മില്‍മ ഡെയറിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എസ് മണി വിതരണോദ്‌ഘാടനം നിര്‍വഹിച്ചു.
മില്‍മയുടെ അഞ്ച് ഐസ്‌ക്രീമുകള്‍ കൂടി വിപണിയില്‍ ഇനി ലഭിക്കുക 99 ഇനം ഐസ്‌ക്രീമുകള്‍
ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകും. ആര്‍ട്ടിഫിഷ്വല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കാതെ ശുദ്ധമായ പാലില്‍ പഴങ്ങളുടെ പള്‍പ്പ് ഉപയോഗിച്ചാണ് നിര്‍മാണമെന്ന് മില്‍മ ഔദ്യോഗിമായി അറിയിച്ചു. 500 എം.എല്‍ അളവിലുള്ള പാഷന്‍ ഫ്രൂട്ട്, ഗുവ ഐസ്‌ക്രീമുകള്‍ക്ക് 150 രൂപയാണ് വില. പൈനാപ്പിളിന്‍റെയും വാനിലയുടെയും ചേരുവയില്‍ ആകര്‍ഷകമായ ഡിസൈനിലാണ് സ്‌പൈന്‍ പൈന്‍ ഒരുക്കിയിരിക്കുന്നത്.
വില ഒരു ലിറ്ററിന് 220 രൂപയാണ്. കശുവണ്ടി, ഉണക്കമുന്തിരി, ചെറി എന്നിവ ചേര്‍ത്താണ് ഫ്രൂട്ട് ആന്‍ഡ് നട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പാക്കിന് 290 രൂപയാണ് വില. കറുത്ത ഉണക്കമുന്തിരി ചേര്‍ത്ത് നിര്‍മിച്ച ബ്ലാക്ക് കറന്‍റ് കോണ്‍ പാക്കിലാണ് ലഭിക്കുക. വില 20 രൂപയാണ്. 94 ഇനം ഐസ്‌ക്രീമുകള്‍ നിലവില്‍ മില്‍മയ്ക്കുണ്ട്. പുറത്തിറക്കിയ അഞ്ചിനങ്ങള്‍ കൂടി ചേര്‍ത്ത് 99 ഇനങ്ങള്‍ ഇനി വിപണിയില്‍ ലഭിക്കും.
ALSO READ:വധഗൂഢാലോചനക്കേസ്; ദിലീപ് ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
ചടങ്ങില്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ മാനേജിങ് ഡയറക്‌ടര്‍ ഡോ.പി. മുരളി, ഡയറക്‌ടര്‍മാരായ പി ശ്രീനിവാസന്‍, പി.പി ഗിരീഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ കേശവന്‍ പോറ്റി ശ്രീനിവാസന്‍ പി.കെ (സെക്രട്ടറി -ഐ.എന്‍.ടി.യു.സി), ശരത് ചന്ദ്രന്‍ ടി (സെക്രട്ടറി – സി.ഐ.ടി.യു), സുധീര്‍ എന്‍.എ (സെക്രട്ടറി -എ.ഐ.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.