കൂടത്തായി കൊലപാതക പരമ്പര; മാത്യുവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിന്‍റെ പങ്ക് കേസിൽ വ്യക്തമാണെന്നും തെളിവുകൾ നശിപ്പിക്കാനിടയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. സിലി വധക്കേസില്‍ പൊലീസ് കസ്റ്റഡിയിൽ വിട്ട രണ്ടാം പ്രതി കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ് മാത്യുവിന്‍റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. മാത്യുവിനായി അഭിഭാഷകൻ ബിനോയ് അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കവെ ജാമ്യഹർജിക്കെതിരെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ തടസ്സഹർജി ഫയൽ ചെയ്തിരുന്നു. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിന്‍റെ പങ്ക് കേസിൽ വ്യക്തമാണെന്നും തെളിവുകൾ നശിപ്പിക്കാനിടയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തുടർന്ന് ജാമ്യഹർജിയിൽ വിധി പറയുന്നതിനായി കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, സിലി വധക്കേസിൽ മാത്യുവിന്‍റെ കസ്റ്റഡി കാലാവധി നാളെ വൈകിട്ടോടെ അവസാനിക്കുന്നതിനാൽ പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി നാലു പേർക്ക് കോടതി നോട്ടീസ് അയച്ചു. ജോളിയുടെ രണ്ടു മക്കളുടെ മൊഴി നവംബർ ഒന്നിനും, സിലിയുടെ സഹോദരൻ സിജോയുടെ മൊഴി നവംബർ രണ്ടിനും, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മൊഴി നവംബർ ഏഴിനും രേഖപ്പെടുത്തും. ഷാജുവിനോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും, മറ്റുള്ളവരോട് കുന്ദമംഗലം കോടതിയിലും ഹാജരാകാനാണ് നോട്ടീസില്‍ നിർദ്ദേശിച്ചിരിക്കുന്നത്.