കോഴിക്കോട്:ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വണ്ടി കയറി മലയാളിയുടെ മുറ്റത്ത് എത്തി അത് പൂക്കളമാകുമ്പോൾ ഓണം കളറാകും. സ്‌കൂളിലും കോളജിലും സർക്കാർ ഓഫിസിലും എന്ന് വേണ്ട എവിടെ ഓണാഘോഷമുണ്ടെങ്കിലും പൂക്കൾ അതിർത്തി കടന്നെത്തണം. അതിനി വില എത്രയായാലും പ്രശ്‌നവുമല്ല. ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ നമ്മുടെ നാട്ടിലും പൂവിടുമെങ്കില്‍ പിന്നെയെന്തിന് അന്യസംസ്ഥാന പൂക്കൾ തേടി പോകണം എന്ന ചിന്തയിലാണ് ഈ കാണുന്ന പൂപ്പാടങ്ങളുണ്ടായത്.
മറ്റെവിടെയുമല്ല നമ്മുടെ കോഴിക്കോട് തന്നെ... ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് യൂണിറ്റിലെത്തിയാല്‍ മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം കാണാം. ഭംഗി കൂട്ടാൻ വാടാമല്ലിയും. ഒരു ഏക്കറിലേറെ സ്ഥലത്താണ് ഓണപ്പൂക്കളം നിറയ്ക്കാൻ ഇവിടെ പൂക്കൾ വിരിഞ്ഞത്.
ഇനി കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലെത്തിയാല്‍ കാഴ്‌ച അതിമനോഹരം. മാരി ഗോൾഡ് എഫ്.ഐ.ജി സംഘമാണ് ഇവിടെ പൂക്കൃഷി പരീക്ഷിച്ചത്. സംഘാംഗങ്ങൾ ഓരോരുത്തരും ആയിരം രൂപയിട്ട് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. കുഞ്ഞുങ്ങളെ പോലെ ഇവർ ചെടികളെ പരിപാലിച്ചു. ഒടുവിൽ ഓറഞ്ചും മഞ്ഞയും നിറത്തില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞു. പൂവാങ്ങാൻ ആളെത്തുമ്പോൾ ഇവരുടെ ഓണവും കളറാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പൂക്കൃഷി: രണ്ടുമാസം മുമ്പാണ് ഇരിങ്ങൽ കൊളാവിപ്പാലത്തെ ഹോളോബ്രിക്സ് യൂണിറ്റില്‍ 5500 ചെണ്ടുമല്ലിത്തൈകൾ നട്ടത്. ബെംഗളൂരൂവിൽ നിന്നാണ് വിത്ത് വാങ്ങിയത്. പൂക്കൃഷിക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി. കഴിഞ്ഞ വർഷം 40 സെന്‍റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. അതിൽ മികച്ച വിജയം കൈവരിച്ചതോടെയാണ് ഇത്തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ.പി.കെ. ചോയിയാണ് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നത്. ഇത്തവണ കുറച്ചുസ്ഥലത്ത് വാടാമല്ലിയും കൃഷിചെയ്തു.