കോഴിക്കോട്: മാമുക്കോയ ശക്തമായ വേഷത്തിലെത്തുന്ന 'ഉരു' മാർച്ച് മൂന്നിന് തിയേറ്റുകളിൽ എത്തുകയാണ്. ലോകത്തിന്‍റെ നെറുകയിൽ കേരളത്തിന്‍റെ കയ്യൊപ്പായ ഉരു നിർമിക്കുന്ന ശ്രീധരൻ ആശാരിയായാണ് മാമുക്കോയ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
സിനിമയുടെ സംവിധായകൻ ഇ.എം അഷ്റഫാണ് ഇത്തരമൊരു വേഷത്തെക്കുറിച്ച് മാമുക്കോയയോട് പറഞ്ഞത്. ശ്രീധരനാശാരിയാവാൻ വലിയ തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ലെന്ന് മാമുക്കോയ പറയുന്നു. നാടകത്തിലും സിനിമയിലും എല്ലാം എത്തുന്നതിനു മുമ്പ് തന്നെ കല്ലായി ബേപ്പൂർ ഭാഗങ്ങളിൽ മരം അളക്കൽ ആയിരുന്നു മാമുക്കോയയുടെ ജോലി.
കഥാപാത്രത്തിന് സഹായകമായത് അനുഭവങ്ങള്‍:ആ കാലം തൊട്ടേ ഉരു നിർമാണവുമായി ബന്ധമുണ്ട്. വലിയ തടിക്കഷണങ്ങൾ വരുമ്പോൾ അത് ഉരുവിന് മാറ്റിവയ്‌ക്കുമായിരുന്നു. പിന്നീട് ഉരു നിർമിക്കുന്നതും കണ്ടു. ഈ അനുഭവങ്ങൾ എല്ലാം ശ്രീധരൻ ആശാരിക്ക് ഒരുപാട് സഹായം ചെയ്‌തു, അദ്ദേഹം പറഞ്ഞു.
തന്‍റെ അനുഭവങ്ങൾ കൂടി ഒത്തു ചേർന്നതോടെ തിരക്കഥയ്ക്ക് അത് ബലമേകിയെന്നും മാമുക്കോയ പറയുന്നു. പുതുമുഖ നടന്മാരും പുതുമുഖ അഭിനേതാക്കളും അറിയപ്പെടാത്ത കുറച്ചു പേരുമാണ് ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. അറബി നാടുമായി ബന്ധപ്പെട്ട കഥയായതു കൊണ്ട് തന്നെ സൗദി നായകൻ ഹുസൈൻ അൽ സൽമാനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഉരു നിർമിക്കാനായി സൗദിയിൽ നിന്ന് എത്തിയ അറബി, ബേപ്പൂരിൽ നിന്ന് തിരിച്ചു പോവുകയും പിന്നീട് അയാൾ മരണപ്പെടുകയും ചെയ്യുന്ന സംഭവത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ലോകത്തുണ്ടായ മാറ്റങ്ങൾ പുതിയ കാല സിനിമയിലും പ്രകടമായി. പുതിയ തലമുറ വളരെ ഭംഗിയായാണ് ഓരോ സിനിമയും അണിയിച്ചൊരുക്കുന്നതെന്ന് മാമുക്കോയ പറഞ്ഞു.
ബിസിനസ് മൈന്‍റിലെ സിനിമ: സിനിമയെക്കുറിച്ച് കൃത്യമായി പഠിച്ചിട്ട് തന്നെയാണ് സിനിമ പൂർത്തീകരിക്കുന്നതും. തന്നോടൊപ്പം അഭിനയിച്ച് മൺമറഞ്ഞ് പോയ നടന്മാരെ ഇപ്പോഴും ഓർക്കാറുണ്ട്. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ തുടങ്ങി ഇപ്പോൾ ഒപ്പമില്ലാത്തവരെയും ഓർക്കാറുണ്ട്.