കേരളം

kerala

ETV Bharat / state

യൂത്ത് കോൺഗ്രസ് ഹർത്താൽ: മലബാറിൽ ഭാഗികം - malappuram

കാസർകോഡും കണ്ണൂരും ഹര്‍ത്താല്‍ പൂര്‍ണമാണ്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് കോൺവോയ് അടിസ്ഥാനത്തിൽ 80% സർവീസുകൾ നടത്തിയതായി അധികൃതര്‍

യൂത്ത് കോൺഗ്രസ് ഹർത്താൽ

By

Published : Feb 18, 2019, 6:03 PM IST

Updated : Feb 18, 2019, 8:40 PM IST

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താൽ മലബാറിൽ ഭാഗികം. കാസർകോഡും കണ്ണൂരും ഹർത്താൽ പൂർണമായിരുന്നെങ്കിലും മലബാറിലെ മറ്റ് ജില്ലകളിൽ ഭാഗികമാണ്. കോഴിക്കോട് രാവിലെ മുതൽ തന്നെ ചില ദീർഘദൂര സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തി. എന്നാൽ യാത്രക്കാർ കുറവായതിനെത്തുടർന്ന് ഉച്ചയോടെ സ്വകാര്യബസുകൾ സർവീസുകൾ കുറച്ചു. കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നെങ്കിലും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഏതാനും കടകളാണ് തുറന്ന് പ്രവർത്തിച്ചത്. ഹർത്താലിന്‍റെ ഭാഗമായി അങ്ങിങ്ങ് ചെറിയതോതിലുള്ള അക്രമങ്ങൾ അരങ്ങേറി.

പയ്യോളി, പേരാമ്പ്ര, മുക്കം, വടകര എന്നിവിടങ്ങളിൽ സമരാനുകൂലികൾ വാഹനം തടഞ്ഞു. കുന്നമംഗലത്തിന് സമീപം പതിമംഗലത്ത് വച്ച് സമരാനുകൂലികൾ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞു. കൊയിലാണ്ടിയിൽ കട തുറക്കാൻ എത്തിയ വ്യാപാരി-വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ ജനറൽസെക്രട്ടറി കെ.പി. ശ്രീധരനെ സമരാനുകൂലികൾ കടയിൽ പൂട്ടിയിട്ടു. പിന്നീട് കൊയിലാണ്ടി പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. മലപ്പുറം ജില്ലയിൽ ഹർത്താൽ ഭാഗികമാണ്. കടകമ്പോളങ്ങൾ തുറന്നിട്ടുണ്ട്. വാഹനങ്ങൾ രാവിലെ മുതൽ നിരത്തിലിറങ്ങിയിട്ടുണ്ട്. അക്രമം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

യൂത്ത് കോൺഗ്രസ് ഹർത്താൽ

വയനാട്ടിൽ കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തി. വ്യാപാരസ്ഥാപനങ്ങൾ ഏറെയും അടഞ്ഞുകിടക്കുകയാണ്. മീനങ്ങാടിയിലെ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് നടക്കുന്നതിനാൽ മീനങ്ങാടി പഞ്ചായത്തിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൊലപാതകം അരങ്ങേറിയ കാസർകോഡും കണ്ണൂരും ഹർത്താലിൽ നിശ്ചലമായി. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതേസമയം ഇരു ജില്ലകളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട്ടെ ചില അക്രമങ്ങൾ മാറ്റിനിർത്തിയാൽ മലബാറിൽ പൊതുവെ ഹർത്താൽ സമാധാനപരമാണ്



Last Updated : Feb 18, 2019, 8:40 PM IST

ABOUT THE AUTHOR

...view details