കോഴിക്കോട്: ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെ വിമര്‍ശിച്ച പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പില്‍ കെ.എം.സി.സിയില്‍ (കേരള മുസ്‌ലിം കൾച്ചറൽ സെന്‍റര്‍) അഭിപ്രായ ഭിന്നത. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ കെ.എം.സി.സി നേതാവ് തിരുത്തിയതിനെ തുടര്‍ന്നാണ് സംഘടനയില്‍ വിഭാഗീയത മറനീക്കി പുറത്തുവന്നത്. ഷാജിയെ തിരുത്തിയ ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിലിനെതിരെ സംഘടനയിലെ മറ്റ് നേതാക്കള്‍ രംഗത്തെത്തി.
ലോക കേരള സഭയില്‍ കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തതില്‍ തന്നെ സംഘടനയില്‍ വിരുദ്ധ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനിടെ എം.എ യൂസഫലിയെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ, ഇബ്രാഹിം എളേറ്റില്‍ ലോക കേരള സഭയില്‍ തള്ളിപ്പറഞ്ഞതോടെയാണ് വിവാദം കനത്തത്. ഇബ്രാഹിമിന്‍റെ പ്രസ്‌താവന സംഘടനയുടെ നിലപാടല്ലെന്ന് ദുബായ് കെ.എം.സി.സി വ്യക്തമാക്കി.
'കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാറിനോട് മൃദുസമീപനം':രാജാവിനേക്കാള്‍ വലിയ രാജഭക്തി, കെ.എം.സി.സി ചെലവില്‍ വേണ്ടെന്ന് ദുബായ് കെ.എം.സി.സി നേതാവ് ഇസ്‌മായില്‍ ഏറാമല ഫേസ്ബുക്കില്‍ വ്യക്തമാക്കി. സയ്യിദ് നൗഷാദ് ബാഫഖി തങ്ങള്‍, എന്‍.കെ ഇബ്രഹിം, മുഹമ്മദ് പട്ടാമ്പി തുടങ്ങിയ കെ.എം.സി.സി നേതാക്കളും ഇബ്രഹിം എളേറ്റിലിനെതിരെ രംഗത്തുവന്നു. യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയെ പിന്തുണച്ച് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്ക് സംസ്ഥാന സര്‍ക്കാറിനോട് മൃദുസമീപനമാണെന്ന വിമര്‍ശനത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പുതിയ വിവാദവും.
സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ ലോക കേരള സഭയ്ക്ക് എത്തിയത് എന്നായിരുന്നു എം.എ യൂസഫലി വ്യക്തമാക്കിയത്. താമസസൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ എന്നും യൂസഫലി ചോദിച്ചു. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞിരുന്നു.