കോഴിക്കോട്:ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനത്തിന് പ്രദേശിക മത്സ്യബന്ധന ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നതായി ജില്ലാ കലക്‌ടര്‍ സാംബശിവ റാവു. ഇത് സംബന്ധിച്ച വിവരം മംഗലാപുരം കലക്‌ടര്‍ അറിയിച്ചതായി ജില്ലാ കലക്‌ടര്‍ പറഞ്ഞു. കാസർകോട് നിന്നുള്ള കോസ്റ്റ് ഗാർഡ് സംഘം മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോട്ടിനോടൊപ്പം ബേപ്പൂരിൽ നിന്ന് പോയിരുന്ന നാല് ബോട്ടുകൾ അപകട സ്ഥലത്തേക്ക് എത്തുന്നതിന് സന്ദേശവും നൽകിയിട്ടുണ്ട്.
ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ ഇന്ന് പുലർച്ചെ 2.30-ഓടെ കപ്പലിടിച്ചാണ് അപകടം. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ കന്യാകുമാരി സ്വദേശികളും മറ്റ് ഏഴ് പേർ ബംഗാളികളുമാണ്. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുനിൽദാസ്, തമിഴ്‌നാട് സ്വദേശി വേൽമുരുകൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ ഒമ്പത് പേർക്കായി തെരച്ചിൽ തുടരുകയാണ്. നവ മംഗലാപുരം തീരത്ത് നിന്നും 43 നോട്ടിക്കല്‍ മൈല്‍ ദൂരെ പുറംകടലില്‍ വെച്ചാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ചത്.